ഗാസ– രണ്ടു വർഷം നീണ്ട ഇസ്രായിൽ ആക്രമണത്തിത്തിൽ ഗാസ മുനമ്പിൽ 6,000 ഓളം പേർക്ക് അംഗഭംഗം സംഭവിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്ക് അടിയന്തരവും ദീർഘകാലവുമായ പുനരധിവാസ പദ്ധതികൾ അത്യാവശ്യമാണ്.
അംഗഭംഗം നേരിട്ടവരിൽ 25 ശതമാനം പേർ കുട്ടികളും 12.7 ശതമാനം പേർ സ്ത്രീകളുമാണ്. നിലവിലെ സാഹചര്യത്തിൽ ഫലസ്തീനികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ആവശ്യമുണ്ട്. പരിക്കേറ്റവർക്ക് പുനരധിവാസവും പരിചരണ സേവനങ്ങളും നൽകുന്നതിന് അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകൾ വിപുലീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, ഗാസ സിറ്റിയിലെ ശൈഖ് റദ്‌വാൻ ക്ലിനിക്കിൽ നിന്ന് 20 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ഇതോടെ 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 69,185 ആയി. 170,698 പേർക്ക് പരിക്കേറ്റു. ഗാസയുടെ വിവിധ ഭാഗങ്ങളിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ തിരയുന്നത് തുടരുന്നു.



