പോർട്ട് സുഡാൻ- (സുഡാൻ)- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. അർദ്ധസൈനിക വിഭാഗം സുഡാനിലെ പടിഞ്ഞാറൻ നഗരമായ എൽ-ഫാഷറിലേക്ക് മുന്നേറിയപ്പോൾ രക്ഷപ്പെടാനായി നിരവധി കുടുംബങ്ങൾ കിടങ്ങുകളിൽ ഒളിച്ചു. സൈനിക വിഭാഗം കൊലപ്പെടുത്തിയ മൃതദേഹങ്ങളാൽ തെരുവുകൾ നിറഞ്ഞു. മാതാപിതാക്കൾക്ക് മുന്നിൽ കുട്ടികൾ പോലും കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ ഡാർഫർ മേഖല അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) പിടിച്ചെടുത്തു. ഞായറാഴ്ച മുതൽ 36,000-ത്തിലധികം വരുന്ന സാധാരണക്കാർ നഗരം വിട്ടുപോയി. കൂട്ടക്കൊലകൾക്കും വംശീയ ഉന്മൂലനത്തിനും സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെനിന്ന് 70 കിലോമീറ്റർ അകലെയുള്ള തവില എന്ന പട്ടണത്തിൽ ചിലർ അഭയം തേടി. ഇവിടെ ഇതോടകം 650,000 ത്തോളം പേർ അഭയം തേടി.
18 മാസമായി ആർഎസ്‌എഫ് ഉപരോധിച്ചിരിക്കുകയാണ് ഡാർഫർ മേഖല. 2000-ത്തിന്റെ തുടക്കത്തിൽ ഡാർഫറിൽ നടന്ന കൂട്ടക്കൊലകളിൽ നിന്ന് രക്ഷപ്പെട്ടവരുടെ വിലാപങ്ങൾക്ക് സമാനമാണ് പുതിയ വിവരണങ്ങളും. വംശഹത്യ നടത്തിയതായി ആരോപിക്കപ്പെട്ട ജാൻജവീദ് മിലിഷ്യകൾ, പിന്നീട് ആർഎസ്‌എഫ് ആയി മാറുകയായിരുന്നു. ഇവർ ഗ്രാമങ്ങൾ കത്തിച്ചു. ഏകദേശം 300,000 ആളുകളെ കൊന്നു, 2.7 ദശലക്ഷം പേരെ നാടുകടത്തി.
അവർ എന്റെ 16 വയസ്സുള്ള മകനെ കൊന്നു- അഞ്ച് കുട്ടികളുടെ അമ്മയായ എന്റെ കസിൻ ഹയാത്ത് പറഞ്ഞു.
“ശനിയാഴ്ച രാവിലെ 6 മണിക്ക്, ഷെല്ലാക്രമണം വളരെ ശക്തമായിരുന്നു. ഞാൻ എന്റെ കുട്ടികളെയും കൂട്ടി അവരോടൊപ്പം ഒരു കിടങ്ങിൽ ഒളിച്ചു. ആറ് മാസമായി എന്റെ ഭർത്താവിൽ നിന്ന് ഞങ്ങൾക്ക് ഒരു വിവരവുമില്ല.
“ഏകദേശം ഒരു മണിക്കൂറിന് ശേഷം, ഏഴ് ആർഎസ്‌എഫ് പോരാളികൾ ഞങ്ങളുടെ വീട്ടിൽ പ്രവേശിച്ചു. അവർ എന്റെ ഫോൺ എടുത്തു, എന്റെ അടിവസ്ത്രങ്ങൾ പോലും തിരഞ്ഞു, എന്റെ 16 വയസ്സുള്ള മകനെ കൊന്നു. ഞങ്ങളുടെ അയൽപക്കത്തുള്ള നിരവധി ആളുകളുമായി ഞങ്ങൾ ഓടിപ്പോയി.
“എൽ-ഫാഷറിനും ഗാർണിക്കും (നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു ഗ്രാമം) ഇടയിലുള്ള റോഡിൽ, നിരവധി മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതും കണ്ടു. പരിക്കേറ്റവരെ രക്ഷിക്കാൻ പോലും കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ല. അവർ അവരെ വഴിയിൽ ഉപേക്ഷിച്ചു. വഴിയിൽ, ഞങ്ങളെ അവർ വീണ്ടും കൊള്ളയടിച്ചു, ഞങ്ങളോടൊപ്പം യാത്ര ചെയ്ത യുവാക്കളെ തടഞ്ഞു. അവർക്ക് എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല.”
തെരുവുകളിൽ മൃതദേഹങ്ങൾ നിറഞ്ഞു. – ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഹുസൈൻ.
“ശനിയാഴ്ച പുലർച്ചെ ഞങ്ങൾ എൽ-ഫാഷറിൽ നിന്ന് പുറപ്പെട്ടു. റോഡ് വിജനമായിരുന്നു. വിശപ്പും ദാഹവും സഹിച്ച് ഞങ്ങൾ വലഞ്ഞു. കൂടാത്തതിന് നിരന്തരം ചെക് പോസ്റ്റുകളും. ഗാർണിക്കിന് മുമ്പ് ഞങ്ങളെ അവർ മൂന്നു മണിക്കൂർ തടഞ്ഞിട്ടു. എനിക്ക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒരു കുടുംബം അവരുടെ അമ്മയെ വഹിച്ചുകൊണ്ട് കഴുത വണ്ടിയുമായി കടന്നുപോയില്ലായിരുന്നെങ്കിൽ, ഞാൻ ഗാർണിയിൽ എത്തുമായിരുന്നില്ല. അവർ എന്നെ അവിടെ എത്തിക്കാൻ സഹായിച്ചു.
“എൽ-ഫാഷറിലെ സ്ഥിതി വളരെ ഭയാനകമാണ് – തെരുവുകളിൽ മൃതദേഹങ്ങൾ കുന്നു കൂടി കിടക്കുന്നു. അവ സംസ്‌കരിക്കാൻ ആരുമില്ല. ഇവിടെ വരെ എത്തിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്, ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂവെങ്കിലും. ഇവിടെ, ഒടുവിൽ ഞങ്ങൾക്ക് കുറച്ച് സുരക്ഷിതത്വം തോന്നുന്നു. ഞാൻ ക്ലിനിക്കിൽ പോയി, അവർ എന്റെ കാല് പരിശോധിച്ചു.”
നാല് കുട്ടികളുടെ പിതാവ്: മൃതദേഹങ്ങൾ ‘അസ്ഥികളായി– മുഹമ്മദ്
“ഞാൻ സംസം ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്. ആർഎസ്‌എഫ് ക്യാമ്പിൽ പ്രവേശിച്ചപ്പോൾ, ഞാൻ എൽ-ഫാഷറിലേക്ക് ഓടിപ്പോയി. അബു ഷൗക്ക് പരിസരത്ത് താമസിച്ചു. ശനിയാഴ്ചത്തെ പോരാട്ടം വളരെ കഠിനമായിരുന്നു – എന്റെ നാല് പെൺമക്കളും അവരുടെ അമ്മയും ഞാനും ദിവസം മുഴുവൻ ഒരു കിടങ്ങിൽ ഒളിച്ചു.
“സൂര്യൻ ഉദിച്ചുയരുന്നതിന് മുമ്പ് ഞങ്ങൾ ഗാർണിയെ ലക്ഷ്യമാക്കി നടന്നു. വഴിയിൽ, അവർ എന്റെ പണം കൊള്ളയടിച്ചു. യുവാക്കളെ തടഞ്ഞു. ഞാൻ മൃതദേഹങ്ങൾ കണ്ടു, ചിലത് ഇതിനകം അസ്ഥികളായി. “അവർ എന്റെ പുറകിൽ വടികൊണ്ട് അടിച്ചു, സംസമിലെ ഞങ്ങളുടെ വീടിനടുത്ത് വീണ ഒരു ഷെല്ലിൽ നിന്ന് എന്റെ കാലിൽ ഇതിനകം കഷ്ണങ്ങൾ ഉണ്ടായിരുന്നു. ചൊവ്വാഴ്ച സൂര്യാസ്തമയത്തോടെ ഞങ്ങൾ തവിലയിൽ എത്തി. ഇപ്പോൾ ഞങ്ങൾക്ക് താമസിക്കാൻ ഒരിടവുമില്ല. എന്റെ പെൺമക്കളും അവരുടെ അമ്മയും ഞാനും കവറുകളില്ലാതെ തുറസ്സായ സ്ഥലത്ത് ഉറങ്ങുകയാണ്. സഹായ പ്രവർത്തകർ ഞങ്ങൾക്ക് കുറച്ച് ഭക്ഷണം തന്നു, പക്ഷേ ടെന്റോ പുതപ്പോ ഇല്ല.
“യുദ്ധം അവസാനിക്കണമെന്നും അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്നും മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”
ഡാർഫറിൽ നിന്നുള്ളവരായ ഞങ്ങൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന വികാരം വിവരിക്കുക അസാധ്യമാണെന്ന് അമേരിക്കയിൽ കഴിയുന്ന ഇംതിദാൽ മഹമൂദ് പറഞ്ഞു. ഞങ്ങളുടെ കുടുംബാംഗങ്ങളിൽ പലരും ഇപ്പോഴും നഗരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ആരാണ് മരിച്ചതെന്നോ ജീവിച്ചിരിക്കുന്നതെന്നോ ഞങ്ങൾക്ക് അറിയില്ല. ആളുകൾ കൊല്ലപ്പെടുന്നതിന്റെ വീഡിയോകളും റിപ്പോർട്ടുകളും ഞങ്ങളുടെ പക്കലുണ്ട്. ഇത് വളരെ ഭയാനകമാണ്. കൊല്ലപ്പെട്ടവരെ പോലും ആർ.എസ്.എഫ് പരിഹസിക്കുകയാണ്. കഴിയുമെങ്കിൽ എഴുന്നേൽക്കൂ എന്നാണ് മൃതദേഹത്തിന് നേരെ തോക്കു ചൂണ്ടി അവർ വീണ്ടും പറയുന്നതതെന്നും ഇംതിദാൽ വ്യക്തമാക്കി.



