ഗാസ– ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 200ഓളം പേർക്ക് പരുക്കേറ്റു. ഇസ്രായിൽ ആക്രമണം നഗ്നമായ വെടിനിർത്തൽ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്‌മൂദ് ബസൽ പറഞ്ഞു. ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് ആരംഭിച്ച വ്യോമാക്രമണത്തിനു ശേഷം സൈന്യം വെടി നിർത്തിയതായി ഇസ്രായിൽ അറിയിച്ചു.
ഗാസ മുനമ്പിൽ രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ പേരുകളും അൽഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. എന്നാൽ മൃതദേഹങ്ങൾ ഇന്ന് രാത്രി ഇസ്രായേലിന് കൈമാറുമോ എന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളെ അറിയിച്ചതിനു ശേഷമാണ് ഇസ്രായിൽ മാധ്യമങ്ങൾ സാധാരണയായി ബന്ദികളുടെ പേരുകൾ പരസ്യപ്പെടുത്താറുള്ളത്.
ഗാസ മുനമ്പിൽ വീണ്ടും സംഘർഷം വർധിച്ച സാഹചര്യത്തിൽ മറ്റൊരു ബന്ദിയുടെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ മൂലമാണ് മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുന്നതെന്ന് ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് വിശദീകരിച്ചു. തെക്കൻ ഗാസയിലെ തുരങ്കത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പുതിയ ഇസ്രായിലി ആക്രമണങ്ങൾ ബന്ദികളുടെ മൃതദേഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിനും കൈമാറ്റ ശ്രമങ്ങൾക്കും തടസ്സമാകുന്നുണ്ടെന്നും അൽഖസ്സാം ബ്രിഗേഡ്‌സ് കൂട്ടിച്ചേർത്തു.



