ഗാസ– വെടി നിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് നാലു ഫലസ്തീനികൾ. മധ്യഗാസ മുനമ്പിലെ ദെയ്ർ അൽബലഹിയിലെ കഫേ ലക്ഷ്യമിട്ടാണ് ഇസ്രായിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബർ 10 മുതലുള്ള വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇസ്രായിലും ഹമാസും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഇസ്രായിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ബിഗ്രേഡിലെ എലൈറ്റ് കമ്പനി കമാൻഡറായ യഹിയ അൽമബ്ഹൂഹ് കൊല്ലപ്പെട്ടെന്നാണ് വിവരങ്ങൾ.
അതേസമയം കൃത്യമായി വൈദ്യ സഹായം ലഭിക്കാത്തതിന്റെ പേരിൽ ഇസ്രായിലിൽ ഒരു ഫലസ്തീൻ തടവുകാരനും കൂടി കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഇസ്രായിൽ ജയിലിൽ ക്രൂരമായ പീഡനങ്ങൾ മൂലവും ചികിത്സ കിട്ടാതെയും കൊല്ലപ്പെട്ടത് 79 ഫലസ്തീൻ പൗരന്മാരാണ്.
ഗാസയിലെ ഹമാസിന്റെ ലക്ഷ്യങ്ങൾക്കെതിരെ ശക്തമായി എതിരിടുമെന്നും വെടി നിർത്തൽ കരാർ ഹമാസ് ലംഘിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്നും ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായിൽ കാറ്റ്സ് പറഞ്ഞു. തങ്ങളുടെ സൈനികരെ സംരക്ഷിക്കാൻ വേണ്ടി ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഹമാസ് അത് മനസ്സിലാക്കിയില്ലെങ്കിൽ ആക്രമണത്തിന്റെ തീവ്രത വർദ്ധിക്കുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ റഫയിൽ ഇസ്രായിൽ സൈന്യത്തിനെതിരെ ഹമാസ് ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് കാറ്റ്സ് രംഗത്തെത്തിയത്. നിരവധി ആക്രമണങ്ങൾ ഹമാസ് നടത്തിയെന്നും ഇസ്രായേൽ സൈന്യം ആരംഭിച്ചിരുന്നു. എന്നാൽ റഫയിലടക്കം നടന്ന സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബിഗ്രേഡ്സ് അറിയിച്ചത്.
വെടിനിർത്തൽ കരാറിന് ശേഷം ഇസ്രായിൽ ആധിപത്യമുറപ്പിച്ച യെല്ലോ ലൈനിലാണ് ഹമാസ് ആക്രമിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇസ്രായിലി സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നത് പറയുന്നു. യെല്ലോ ലൈനിന്റെ കിഴക്കുഭാഗം ഇസ്രായിൽ നിയന്ത്രണത്തിൽ ആണെന്നും ആ പ്രദേശത്താണ് ആക്രമണം നടന്നതെന്നും ഇത് വെടി നിർത്തൽ കരാറിനെ ലംഘിക്കുകയാണെന്നും ഇസ്രായിലി സൈനിക ഉദ്യോഗസ്ഥൻ ആരോപിച്ചു.