കോഴിക്കോട് – വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കെ.കെ.രമ എം എല്‍ എ. ഇത്തരം പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും കെ.കെ രമ കുറ്റപ്പെടുത്തി. അതേസമയം യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് സംഭവത്തില്‍ യാതൊരു അറിവുമില്ലെന്നും കെ.കെ രമ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍
ഷാഫി പറമ്പിലാണ് ഷൈലജ ടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നുണയും ശുദ്ധ അസംബദ്ധമാണെന്നും കെ.കെ രമ പറഞ്ഞു. ഈ ആരോപണങ്ങളെ താന്‍ നിഷേധിക്കുന്നതായും രമ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിയുള്ള അശ്ലീല പ്രചാരണം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു. പരാതി നല്കി 20 ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടിയുണ്ടായില്ല. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം. ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.