ഗാസ– ഇസ്രായിൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാൻ ഹമാസ്. തങ്ങളുടെ ഉദ്യോഗസ്ഥരെ ഇത്തരം പ്രദേശങ്ങളിൽ ഹമാസ് വിന്യസിച്ചു. വിപണിയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, തെരുവുകളിൽ കച്ചവടക്കാരുടെ കയ്യേറ്റങ്ങൾ തടയാനും, വാഹന ഗതാഗതം നിയന്ത്രിക്കാനുമെല്ലാമാണ് സേനകൾ പ്രവർത്തിക്കുന്നത്. സുരക്ഷ ചുമതലക്കായി നിരവധി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ഗാസ സർക്കാർ വ്യക്തമാക്കി. ഓരോ ഗവർണറേറ്റിലെയും അധികാര ചുമതല പുതിയ ഗവർണർമാരെയും നിയമിച്ചു.
കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള ചില താൽക്കാലിക പോലീസ് ആസ്ഥാനങ്ങളുടെ സജ്ജീകരണവും ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനങ്ങൾ എല്ലാമെന്നും ഭരണകൂടം വ്യക്തമാക്കി.
വെടി നിർത്തൽ കരാറിൽ ഹമാസ് അധികാരവും ആയുധങ്ങളും ഉപേക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സുരക്ഷയെ മുൻനിർത്തി ആയുധങ്ങൾ ഉപേക്ഷിക്കാൻ ഹമാസ് തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ഗാസയിലെ അധികാരം ഉപേക്ഷിച്ച് പിന്മാറാൻ ഹമാസ് തയ്യാറാണ്. തുടർന്ന് ഗാസ മുനമ്പിലെ ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാനും ഹമാസ് സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.