കയ്റോ– ഗാസയിലെ വെടി നിർത്തലിന്റെ ഭാഗമായി ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഉണ്ടാക്കിയ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായിൽ 2000ലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ എഎഫ്പിയോട് പറഞ്ഞു. ഒക്ടോബർ 7ന് ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളിൽ ജീവിച്ചിരിക്കുന്നവരെ മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായിൽ മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250പേരും ഉൾപ്പെടും.
പ്രത്യേക സമയക്രമം അനുസരിച്ച് ഗാസ മുനമ്പിൽ നിന്ന് ഇസ്രായിൽ സൈന്യം പിന്മാറ്റവും ഉൾപ്പെട്ടതായി ആദ്യഘട്ട ചർച്ചയിൽ തീരുമാനമായതായി ഹമാസ് വൃത്തങ്ങൾ പറഞ്ഞു. കരാർ പ്രകാരം ശനിയാഴ്ച മുതൽ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്ന് ഇസ്രായിൽ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ശേഷിക്കുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 48 ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് വക്താവ് വ്യക്തമാക്കിയില്ല.