ഗാസ – 2023 ഒക്‌ടോബര്‍ ഏഴിന് ഗാസയിൽ ആരംഭിച്ച യുദ്ധം രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏകദേശം 4,000 വർഷത്തെ ജനവാസ ചരിത്രമാണ് തകർന്നടിഞ്ഞത്. നാല് സഹസ്രാബ്ദങ്ങളുടെ നാഗരികതയെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷം മതിയായിരുന്നു. ഇരുനൂറിലേറെ സാംസ്‌കാരിക മൂല്യമുള്ള സ്ഥലങ്ങള്‍ ഇസ്രായിലി ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടതായി ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയം നടത്തിയ സെന്‍സസ് വ്യക്തമാക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം 150 ലേറെ ഫലസ്തീന്‍ സാംസ്‌കാരിക നായകരുടെ മരണങ്ങള്‍ സാംസ്‌കാരിക സംഘടനയായ പെന്‍ അമേരിക്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രായില്‍ വ്യോമാക്രമണത്തിന് വിധേയമായ ഏറ്റവും പഴക്കം ചെന്ന മത സ്മാരകം ഗാസ നഗരത്തിന്റെ മധ്യഭാഗത്തുള്ള അല്‍ഉമരി മസ്ജിദാണ്. എ.ഡി ഏഴാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചത്. മസ്ജിദിന്റെ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടു. 1,300 വര്‍ഷത്തെ ചരിത്രത്തിന്റെ തെളിവായി തകര്‍ന്ന മിനാരം മാത്രം അവശേഷിച്ചു. മാംലൂക്ക് കാലഘട്ടത്തിലെ സയ്യിദ് ഹാശിം മസ്ജിദ്, 1223 ല്‍ നിര്‍മിച്ച ഉസ്മാന്‍ ഖശ്ഖാര്‍ മസ്ജിദ്, 407 ല്‍ നിര്‍മിച്ചതും പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ പുനഃസ്ഥാപിച്ചതുമായ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്, 340 ല്‍ സ്ഥാപിച്ച സെന്റ് ഹിലാരിയന്‍ ആശ്രമം എന്നിവ ഇസ്രായില്‍ ആക്രമിച്ച മതകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു. സെന്റ് ഹിലാരിയന്‍ ആശ്രമത്തിന് യുനെസ്‌കോ മെച്ചപ്പെട്ട സംരക്ഷണ പദവി നല്‍കിയിട്ടും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.


ലോകം മരണത്തിന്റെയും പട്ടിണിയുടെയും നാശത്തിന്റെയും വാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന ഗാസയില്‍, കല്ലുകള്‍ യുഗങ്ങളുടെ കഥകള്‍ പറയുന്നു. ബെയ്ത്ത് അല്‍സഖാ, ബെയ്ത്ത് അല്‍ഗുസൈന്‍ തുടങ്ങിയ ചരിത്രപരമായ വീടുകള്‍, ഓട്ടോമന്‍ കാലഘട്ടത്തിലെ കുളിമുറികള്‍, നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന മാര്‍ക്കറ്റുകള്‍, ഗാസയില്‍ കടന്നുപോയ തുടര്‍ച്ചയായ നാഗരികതകളെ വിവരിക്കുന്ന മ്യൂസിയങ്ങള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടു. മരണത്തിന്റെ ബ്രേക്കിംഗ് ന്യൂസില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന അല്‍രിമാല്‍ ഡിസ്ട്രിക്ടും ബാപ്റ്റിസ്റ്റ് ആശുപത്രിയും പോലും ചരിത്ര സ്മാരകങ്ങളായി കണക്കാക്കപ്പെടുന്നു. ഗാസയിലെ പബ്ലിക് ലൈബ്രറികള്‍, പ്രിന്റിംഗ് പ്രസ്സുകള്‍, പ്രസാധക സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടു. മനുഷ്യരുടെയും,പിഞ്ചുകുഞ്ഞുങ്ങളുടെയും വംശഹത്യ കൂടാതെ ഇസ്രായില്‍ ഗാസയിലെ ചരിത്രത്തിനും സംസ്‌കാരത്തിനും കൂടി വധശിക്ഷ വിധിച്ചിരിക്കുന്നു.


ഈ സമഗ്രമായ സാംസ്‌കാരിക നാശത്തിന്റെ പശ്ചാത്തലത്തില്‍, ഗാസയിലെ ജനങ്ങളുടെയും അവരുടെ കഥകളുടെയും കൈയൊപ്പ് പതിഞ്ഞ നിരവധി കലാസൃഷ്ടികളും സാഹിത്യ-സിനിമാ നേട്ടങ്ങളും ദുരന്തത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഉയര്‍ന്നുവന്നു. സംഭവിക്കുന്നതിന്റെ ഭീകരത അവരുടേതായ രീതിയില്‍ വിവരിച്ച ഈ സിനിമകളിലും പുസ്തകങ്ങളിലും ഗാനങ്ങളിലും ഭൂരിഭാഗവും അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ജൂറി സമ്മാനം നേടിയ ദി വോയ്സ് ഓഫ് ഹിന്ദ് റജബ് ഈ വിജയങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍, ഇസ്രായിലി ടാങ്കിന്റെ മുന്നില്‍ കുടുങ്ങിക്കിടന്ന കൊച്ചു പെണ്‍കുട്ടിയായ ഹിന്ദിന്റെ നിലവിളികള്‍ കേട്ട് ലോകം നടുങ്ങി. അന്താരാഷ്ട്ര അവാര്‍ഡും ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട കരഘോഷവും നേടിയ ഡോക്യുമെന്ററി, ഗാസയുടെ മുറിവുകള്‍ വഹിച്ചുകൊണ്ട് ഓസ്‌കാറിലേക്ക് പോകുന്നു. വീണ്ടും കരഘോഷത്തിനും കണ്ണീരിനും അന്താരാഷ്ട്ര അവാര്‍ഡുകള്‍ക്കുമായി ദി വോയ്സ് ഓഫ് ഹിന്ദ് റജബ് മത്സരിക്കുന്നു.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ എന്ന ചിത്രത്തിന് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ടാര്‍സന്‍, അറബ് നാസിര്‍ സഹോദരന്മാരിലൂടെ ഗാസയില്‍ നിന്ന് മറ്റൊരു അന്താരാഷ്ട്ര സിനിമാ നേട്ടം ഉണ്ടായി. ഇപ്പോഴത്തെ യുദ്ധത്തെ ഈ ചിത്രം അഭിസംബോധന ചെയ്യുന്നില്ലെങ്കിലും 2007 ല്‍ നടന്ന സംഭവങ്ങളെ ഇതിവൃത്തമാക്കിയ സിനിമ, ഉപരോധത്തിന്‍ കീഴില്‍ ജീവിതം ചെലവഴിക്കുന്ന ഗാസക്കാരുടെ വേദന പ്രകടിപ്പിക്കുന്ന മുഴങ്ങുന്ന നിലവിളിയെയാണ് പ്രതിനിധീകരിക്കുന്നത്. 2012 ല്‍ ഗാസ വിട്ട സഹോദരങ്ങളായ സംവിധായകര്‍ 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ജോര്‍ദാനിലാണ് ഇത് ചിത്രീകരിച്ചത്.
ഫ്രം സീറോ ഡിസ്റ്റന്‍സ് രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസയില്‍ നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട സിനിമാ നേട്ടമാണ്. ബോംബാക്രമണത്തിനിടയിലും നാശത്തിനിടയിലും, ചലച്ചിത്ര പ്രൊഫഷണലുകളും അമച്വര്‍മാരും ചേര്‍ന്ന് ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളുടെ ഒരു ശേഖരമാണിത്. വെള്ളത്തിനും ഭക്ഷണത്തിനുമായി വരിയില്‍ നില്‍ക്കുന്ന ഇരകളുടെയും, കുടിയിറക്കപ്പെട്ടവരുടെയും, കുട്ടികളുടെയും, പ്രായമായവരുടെയും കഥകള്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഈ സിനിമകള്‍ വെളിപ്പെടുത്തി. 22 സിനിമകളും ഗാസയിലെ നരക ജീവിതം മറ്റൊരു കലാസൃഷ്ടിയും ചെയ്യാത്തതു പോലെ രേഖപ്പെടുത്തി. ഈ നിര്‍മാതാക്കള്‍ നേരിടുന്ന ഗുരുതരമായ അപകടസാധ്യതകള്‍ക്കിടയിലും, അവരുടെ സിനിമകള്‍ ടൊറന്റോ, അമ്മാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നിരന്തരമായ ഡ്രോണുകളുടെ ശബ്ദത്തെ ഗാനങ്ങളുടെ സംഗീത പശ്ചാത്തലമാക്കി മാറ്റി, കുടിയിറക്ക ക്യാമ്പുകളിലെ കുട്ടികളെ സംഗീതജ്ഞരും ഗായകരുമാക്കി മാറ്റിയ അഹ്മദ് അബൂഅംശയുടെ കഥ പോലെ, ഷെല്ലുകളുടെയും യുദ്ധവിമാനങ്ങളുടെയും ഇരമ്പലിനു മുകളില്‍ സംഗീതം ഇപ്പോഴും സാധ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഗാസയുടെ ഹൃദയത്തില്‍ നിന്ന് മെലഡികള്‍ ഉയര്‍ന്നുവന്നു. നിശബ്ദതയുടെ മതില്‍ തുളച്ചുകയറുന്ന മനുഷ്യത്വത്തിന്റെ കഥകളാണിത്. ഈ സംഗീത അധ്യാപകന്‍ കുടിയിറക്കപ്പെട്ട ആളുകളുടെയും, ചെറുപ്പക്കാരുടെയും പ്രായമായവരുടെയും കൈകളില്‍ ഗിറ്റാര്‍, വയലിന്‍, ഫ്‌ലൂട്ട്, ഡ്രം എന്നിവ വെച്ചുപിടിപ്പിച്ചു. മെലഡിയും താളവും പഠിച്ചും അവരുടെ മനോഹരമായ ശബ്ദങ്ങള്‍ തുറന്നുവിട്ടും അദ്ദേഹം അവരെ ദൈനംദിന പരിഭ്രാന്തിയില്‍ നിന്ന് മുക്തരാക്കാന്‍ ശ്രമിച്ചു. ഗാസയിലെ കുട്ടികളുടെ ശബ്ദങ്ങളായ സോള്‍ പോലുള്ള സംഗീതാനുഭവങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും ഉയര്‍ന്നുവന്നു. യുദ്ധത്തിന്റെ ആഘാതങ്ങളെ സംഗീതത്തിലൂടെ സുഖപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബാന്‍ഡ് ആണ് സോള്‍.


അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും ഗാസയിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു. അവരുടെ ദുരന്തം ആലപിക്കുകയും അത് എല്ലാ മനുഷ്യരാശിയുമായും പങ്കിടുകയും ചെയ്തു. സെന്റ് ലെവന്റ് എന്നറിയപ്പെടുന്ന ഫലസ്തീന്‍ ഗായകന്‍ മര്‍വാന്‍ അബ്ദുല്‍ ഹമീദും, എം.സി അബ്ദുല്‍ എന്നറിയപ്പെടുന്ന റാപ്പര്‍ അബ്ദുറഹ്മാന്‍ അല്‍ശന്‍തിയും 2024 ന്റെ തുടക്കത്തില്‍ പുറത്തിറക്കിയ ദൈറ എന്ന ഗാനം സംഗീത ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുകയും എല്ലായിടത്തും പ്രതിധ്വനിക്കുകയും ചെയ്ത പ്രതിഭാസമായി മാറി. സല്ലിംലി അരീഹ വസല്ലിം അല്‍ദൈറ, യാ ത്വയ്ര്‍ അല്‍ത്വയിര്‍ എന്ന പല്ലവി എല്ലാ അറബികളുടെയും നാക്കുകളിലെ ഗാനശകലമായി മാറി.
അമേരിക്കയില്‍ താമസിക്കുന്ന യുവ ഫലസ്തീന്‍ റാപ്പര്‍ അബ്ദുറഹ്മാന്‍ അല്‍ശന്‍തി തന്റെ ബാല്യത്തിന്റെ ഒരു ഭാഗം ഗാസയിലെ തന്റെ മുത്തച്ഛന്മാരുടെ വീട്ടില്‍ ചെലവഴിച്ചു. അവിടെ, അദ്ദേഹത്തിന്റെ പിതാവ് അല്‍രിമാര്‍ ഡിസ്ട്രിക്ടില്‍ ഹോട്ടല്‍ നിര്‍മിക്കുകയും അതിന് ദൈറ എന്ന് പേരിടുകയും ചെയ്തു. പക്ഷേ, ഇസ്രായില്‍ ആക്രമണം അതിനെ നിലംപരിശാക്കി. ഈ ഗാനം ആ സ്ഥലത്തിനും പൊതുവെ ഗാസക്കും ആദരാഞ്ജലിയായാണ് വന്നത്.
തകര്‍ന്ന ഗാസയുടെ ഹൃദയത്തില്‍ നിന്ന്, ആഗോള വിജയം നേടിയ സാഹിത്യ കൃതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗാസയില്‍ നിന്ന് പുറത്തേക്കുള്ള തന്റെ യാത്രയെയും ബോംബാക്രമണത്തിനും തടങ്കലിനും വിധേയമായ തന്റെ അനുഭവങ്ങളെയും കുറിച്ച ഡയറിക്കുറിപ്പുകള്‍ രേഖപ്പെടുത്തിയതിന് അഭിമാനകരമായ പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യത്തെ ഫലസ്തീന്‍കാരനാണ് എഴുത്തുകാരനും കവിയുമായ മിസ്അബ് അബൂതോഹ. ഗാസയില്‍ നിന്ന് ഈജിപ്ത് വഴി അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയ അബൂതോഹ, ദി ന്യൂയോര്‍ക്കര്‍ പോലുള്ള അന്താരാഷ്ട്ര പത്രങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, കല എന്നീ വിഭാഗങ്ങളിലായി 23 വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും പുലിറ്റ്സര്‍ സമ്മാനം നല്‍കുന്നു.
മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന തന്റെ ലൈബ്രറിയുടെ നാശത്തിന് സമീര്‍ മന്‍സൂറിന് ഒന്നും നഷ്ടപരിഹാരമാകില്ല. എന്നാല്‍ ശേഷിക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കു മേല്‍ അത് വീണ്ടും തുറക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. തന്റെ ലൈബ്രറിയെ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ തകര്‍ത്തിട്ടും അദ്ദേഹം തുടരുന്ന സാംസ്‌കാരിക പോരാട്ടത്തിനുള്ള ആദരസൂചകമായി, 2024 ല്‍ സമീര്‍ മന്‍സൂറിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള വോള്‍ട്ടയര്‍ പുരസ്‌കാരം ലഭിച്ചു.


ഗാസയില്‍ നിന്നുള്ള കവിയും വിവര്‍ത്തകയുമായ ബത്തൂല്‍ അബൂഅഖ്‌ലീന്‍ ബോംബാക്രമണത്തിനിടെ രചിച്ച അറബി, ഇംഗ്ലീഷ് കവിതാസമാഹാരത്തിലെ ഗണ്‍പൗഡര്‍ എന്ന കവിത ലണ്ടന്‍ മാഗസിന്‍ കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ദുരന്തത്തെ അനുനിമിഷം ലോകത്തെത്തിച്ച ഇന്‍ഫ്‌ളുവന്‍സറും പത്രപ്രവര്‍ത്തകയുമായ ബെലെസ്റ്റിയ അല്‍അക്കാദ്, ഐസ് ഓഫ് ഗാസ എന്ന പുസ്തകത്തില്‍ തന്റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 2024 ലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ ബി.ബി.സി പട്ടികയില്‍ അവര്‍ ഇടം നേടി.