ഇസ്താംബൂള്‍ – ഗാസയിലേക്ക് സഹായവുമായി എത്തിയ ഞങ്ങളെ മൃഗങ്ങളെ പോലെയാണ് ഇസ്രായിൽ കണ്ടതെന്ന് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍. ഇസ്രായിൽ സൈന്യം തങ്ങളെ ആക്രമിച്ച് മൃഗങ്ങളെപ്പോലെയാണ് പെരുമാറിയതെന്നും ഇവർ വ്യക്തമാക്കി.
ഇസ്രായിൽ മോചിപ്പിച്ച ആക്ടിവിസ്റ്റുകൾ തുര്‍ക്കിയില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗാസയിലേക്ക് സഹായവുമായി എത്തിയ 40 ലേറെ ബോട്ടുകള്‍ അടങ്ങിയ ഫ്‌ളോട്ടില്ല ഇസ്രായില്‍ നാവികസേന തടഞ്ഞ് 400 ലേറെ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 36 തുര്‍ക്കി പൗരന്മാർ അടക്കം 137 പേരെ മോചിപ്പിച്ചു. 13 രാജ്യങ്ങളില്‍ നിന്നുള്ള ഈ ആക്ടിവിസ്റ്റുകൾ കഴിഞ്ഞ ദിവസമാണ് തുർക്കിയിലെ ഇസ്താംബൂളില്‍ എത്തിയത്.
നിരവധി സൈനിക കപ്പലുകൾ ചേർന്നാണ് തങ്ങളെ തടഞ്ഞതെന്ന് ആക്ടിവിസ്റ്റ് പൗലോ റൊമാനോ പറഞ്ഞു. ആയുധധാരികളായ സൈനികർ ബോട്ടുകൾ കരയിലേക്ക് വലിച്ചാണ് കൊണ്ടുപോയത്. ശേഷം മുഖം താഴ്ത്തി മുട്ട് കുത്തി നിൽക്കാനും നിർബന്ധിച്ചുവെന്നും ഇവർ വ്യക്തമാക്കി.
ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ അവർ മര്‍ദിച്ചുവെന്നും കൂടാതെ പരിഹസിക്കുകയും ചെയ്തുവെന്നും ഇറ്റാലിയൻ ആക്ടിവിസ്റ്റ് പറഞ്ഞു. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടന്നു എന്ന കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇവർ ജയിലിൽ കൊണ്ടു പോയ ശേഷം വെള്ളം പോലും നൽകിയില്ല. തോക്കുകൾ കാണിച്ചു ഭയപ്പെടുത്തിയെന്നും ഇദ്ദേഹം കൂട്ടിചേർത്തു. അസുഖമുള്ളവർക്ക് മരുന്നുകൾ വരെ നിഷേധിച്ചുവെന്നും ചിലവർ ചൂണ്ടികാണിച്ചു.