ഗാസ– രണ്ടു വർഷമായി തുടരുന്ന ഗാസയിലെ ഇസ്രായിലിന്റെ ആക്രമണം അവസാനിക്കാൻ പോവുന്നതായി സൂചന. അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചു. ഇതോടെ ഗാസയിലെ ആക്രമണങ്ങൾ ഇസ്രായിൽ ഉടൻ നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസും അറിയിച്ചു.
‘ഹമാസിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ അവർ ശാശ്വത സമാധാനത്തിന് തയാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബന്ദികളെ വേഗത്തിലും സുരക്ഷിതമായും പുറത്തെത്തിക്കാൻ ഇസ്രായിൽ ഗാസയിലെ വ്യോമാക്രമണം ഉടൻ നിർത്തണം’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പദ്ധതി വിശദാംശങ്ങൾ അന്തിമമാക്കാനുള്ള ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ദികളെ മോചിപ്പിക്കുന്നതിനു പുറമെ ഗാസ മുനമ്പിന്റെ ഭരണം സ്വതന്ത്ര ഫലസ്തീൻ അതോറിറ്റിക്ക് കൈമാറാനുമുള്ള സമ്മതവും മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പദ്ധതി അംഗീകരിച്ച ഹമാസിന്റെ തീരുമാനത്തെ ഈജിപ്തും ഖത്തറും സ്വാഗതം ചെയ്തു. ട്രംപിന്റെ പദ്ധതിക്ക് മറുപടിയായി ഹമാസ് പുറത്തിറക്കിയ പ്രസ്താവനയെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്യുന്നുവെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. യു.എസ് പിന്തുണയുള്ള ഗാസ സമാധാന പദ്ധതിക്ക് ഹമാസ് അംഗീകാരം നൽകിയത് ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു.