ചിമ്പാൻസികളുടെ പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോക ശ്രദ്ധ നേടിയ ശാസ്ത്രജ്ഞയായിരുന്നു ഡോ. ജെയ്ന്‍ ഗുഡാള്‍. മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലക്കൊണ്ട ജെയ്ന്‍ എന്ന മെസഞ്ചർ ഓഫ് പീസ് ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു.
1960-കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വെച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്. ചിമ്പാൻസികളും മനുഷ്യരും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ച് അവർ കണ്ടെത്തി. ‘റൂട്ട്‌സ് & ഷൂട്ട്‌സ്’ പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചു. 2002-ൽ ഐക്യരാഷ്ട്രസഭയുടെ ‘മെസഞ്ചർ ഓഫ് പീസ്’ആയി തിരഞ്ഞെടുക്കപ്പെട്ടു.
ആഫ്രിക്കയിലെ ചിമ്പാൻസികൾക്കിടയിൽ പഠനം നടത്തിയ ജെയ്ന്‍ അവരുടെ വ്യത്യസ്ത വ്യക്തിത്വങ്ങൾ രേഖപ്പെടുത്തുകയും ചെയ്കു. അവയെ ദൂരെ നിന്ന് നിരീക്ഷിക്കുക മാത്രമായിരുന്നില്ല മറിച്ച് അവയുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും മുഴുകുകയും ചെയ്തു. ഭക്ഷണം നൽകുകയും പേരുകൾ നൽകുകയും ചെയ്തു. ആദ്യമായി മനുഷ്യരല്ലാത്ത ഒരു ജീവിക്ക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കണ്ടുപിടിച്ചത് ജെയ്ന്‍ ഗുഡാളാണ്.
ചെറുപ്പം മുതൽ പ്രകൃതിയോടും മൃഗങ്ങളോടും ചങ്ങാത്തം കൂടാനായിരുന്നു ജെയ്നിന് താൽപര്യം. കുഞ്ഞായിരുക്കുമ്പോൾ തനിക്ക് കിട്ടിയ ജൂബിലി എന്ന ചിമ്പാൻസി പാവയായിരുന്നു ജെയ്നിൻ്റെ പ്രചോദനം. ഗോംബെ നാഷണൽ പാർക്കിൽ ചിമ്പാൻസികളോടൊപ്പം ക്ഷമയോടെയും ധൈര്യത്തോടെയും ജെയ്ൻ സഹവർത്തിച്ചു. ആദ്യമായി സൌഹൃദം സ്ഥാപിച്ച ചിമ്പാൻസിയെ ഇവർ ഡേവിഡ് ഗ്രേബേർഡ് എന്ന് പേരിട്ട് വിളിച്ചു. ഈ ചിമ്പാൻസിയെ നിരീക്ഷിക്കവെയാണ് ഇത് ചിതൽപുറ്റ് നീക്കി ചിതലിനെ ഭക്ഷിക്കാനായി കമ്പ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് മനുഷ്യരെപോലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇവയ്ക്കും ഉണ്ടെന്ന വിവരം ജെയ്ൻ ഡോക്യുമെൻ്ററിയിലൂടെ പങ്കുവെച്ചു. ജെയ്നിൻ്റെ കൈവശമുണ്ടായിരുന്ന ഫോട്ടോകളുടെ ശേഖരം ചിമ്പാൻസികളെക്കുറിച്ച് കൂടുതലറിയാൻ ലോകത്തെ സഹായിച്ചു.
ഇവയുടെ സംരക്ഷണത്തിനായി 1977-ൽ ജെയ്ൻ ഗുഡാൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 80-കളിലും 90-കളിലും പോലും, ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരമായ പ്രവർത്തനങ്ങൾക്കും വേണ്ടി വാദിക്കുന്നതിൽ അവർ സജീവമായി തുടർന്നു. യു.എസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വെച്ചായിരുന്നു ജെയ്നിൻ്റെ മരണം.



