റിയാദ് – ഇത്തവണ റിയാദ് ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ വിശിഷ്ടാതിഥി രാജ്യമായി ഉസ്‌ബെക്കിസ്ഥാന്‍ പങ്കെടുക്കും. ഒക്ടോബര്‍ 2 മുതല്‍ 11 വരെ റിയാദിലെ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലയിലാണ് ബുക് ഫെയര്‍ നടക്കുക. വിശിഷ്ടാതിഥി രാജ്യമായി ഉസ്‌ബെക്കിസ്ഥാൻ എത്തുന്നത് സൗദി അറേബ്യയെയും ഉസ്‌ബെക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തെയാണ് എടുത്തുകാണിക്കുന്നത്. ഇതോടെ, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനും അറിവ് കൈമാറ്റത്തിനുമുള്ള വേദിയായി ബുക് ഫെയർ മാറും.
കവിത, നോവലുകള്‍ എന്നിവയുള്‍പ്പെടെ ഉസ്‌ബെക്ക് സാഹിത്യത്തിന്റെ ചരിത്രം എടുത്തുകാണിക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരികവും കലാപരവുമായ പരിപാടികളും ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക നായകരും ചിന്തകരും പങ്കെടുക്കുന്ന സെമിനാറുകളും സംഭാഷണ സെഷനുകളും നടക്കുന്നതാണ്. രാജ്യത്തിന്റെ സാഹിത്യ-ബൗദ്ധിക പൈതൃകത്തിന്റെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന അപൂര്‍വ പ്രസിദ്ധീകരണങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരവും ഉസ്‌ബെക്ക് പവലിയനില്‍ ഉണ്ടാകും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ അര്‍ധരാത്രി 12 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2 മുതല്‍ അര്‍ധരാത്രി 12 വരെയും ബുക് ഫെയറില്‍ സന്ദര്‍ശകരെ സ്വീകരിക്കും.



