ജിദ്ദ – ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2024 ൽ നുസുക് ആപ്പ് ഡൗൺലോഡുകളുടെ എണ്ണം 1.2 കോടിയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഡൗൺലോഡുകളുടെ എണ്ണത്തിൽ 150 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 190 ലേറെ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് നുസുക് ആപ്പ് സേവനം നൽകുന്നുണ്ട്. ആപ്പ് ഗുണഭോക്താക്കളിൽ 90 ശതമാനവും രാജ്യത്തിന് പുറത്തുനിന്നുള്ള ഉപയോക്താക്കളാണ്. ഹജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന നുസുക് ആപ്പ് തീർഥാടകർക്ക് നൂറിലേറെ ഡിജിറ്റൽ സേവനങ്ങളാണ് നൽകിവരുന്നത്.
തീർത്ഥാടന യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ മടക്കയാത്ര വരെയുള്ള എല്ലാ ഘട്ടങ്ങളിലും സമഗ്രമായ ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ ആപ്പ് തീർഥാടകരെ പ്രാപ്തരാക്കുന്നു. റൗള ശരീഫ് സിയാറത്ത്, ഉംറ പെർമിറ്റുകൾ, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ബുക്കിംഗ്, മാപ്പുകൾ, എയർലൈൻ ടിക്കറ്റുകൾ, ഹോട്ടലുകൾ, പ്രോഗ്രാമുകൾ, സമ്പുഷ്ടീകരണ ടൂറുകൾ എന്നിവ അടക്കമുള്ളവ നുസുക് ആപ്പ് സേവനങ്ങളിൽ ഉൾപ്പെടുന്നു. വിശുദ്ധ ഖുർആൻ, പ്രാർഥനകൾ, നമസ്‌കാര സമയങ്ങൾ, ഖിബ്ല ദിശ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ, ഉപയോക്താക്കൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ നൽകുന്ന സേവനങ്ങളുടെ ശ്രേണി ആപ്പ് അടുത്തിടെ വിപുലീകരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയിലും രൂപകൽപ്പനയിലും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി, എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ വൈകാതെ ആപ്പ് അപ്‌ഡേറ്റ് ചെയ്യും. ലോകത്തിലെ മുൻനിര ഡിജിറ്റൽ ഇസ്ലാമിക് പ്ലാറ്റ്‌ഫോമായി മാറാനുള്ള പ്രയാണം തുടരാൻ ഈ അപ്‌ഡേറ്റ് സഹായിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഹജ്ജിന് മന്ത്രാലയം നുസുക് കാർഡുകൾ വിതരണം ചെയ്തിരുന്നു. ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, സൗദിയിലെ ഫാക്ടറികളിലാണ് കാർഡുകൾ അച്ചടിക്കുന്നത്. ഡ്യൂപ്ലിക്കേഷൻ തടയാനും ഫീൽഡിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ സുഗമമാക്കാനും തീർഥാടകന്റെ നിയമ സാധുത പരിശോധിക്കാൻ സഹായിക്കാനുമുള്ള സുരക്ഷാ സവിശേഷതകൾ നുസുക് കാർഡിൽ അടങ്ങിയിരിക്കുന്നു. മക്ക, മദീന, പുണ്യസ്ഥലങ്ങൾ എിവിടങ്ങളിൽ തീർഥാടകരുടെ താമസ സ്ഥലങ്ങൾ, സർവീസ് കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി തീർഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. ഇത് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ തമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കുമുള്ള വഴികൾ പറഞ്ഞുകൊടുക്കൽ സുഗമമാക്കുകയും വഴിതെറ്റാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.