ന്യൂയോർക്ക്– ഗാസ മുനമ്പിലെ ക്രൂരകൃത്യങ്ങളും വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ നടത്തിയ അധിനിവേശ നടപടികളെയും ലോകം ഭയപ്പെടരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. യുഎൻ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇസ്രായിലിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താലും ഇല്ലെങ്കിലും ഇസ്രായിൽ ഈ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. കുറഞ്ഞത് ഇവ സംഭവിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിനു മേൽ സമ്മർദ്ദം ചെലുത്താനും ഇതിനെതിരെ അവരെ അണിനിരത്താനും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയെ പൂർണമായും നശിപ്പിക്കാനും വെസ്റ്റ്ബാങ്ക് ക്രമേണ പിടിച്ചടക്കാനുമുള്ള നടപടികളുമായി ഇസ്രായിൽ മുന്നോട്ടു പോവുകയാണെന്നും സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.
ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമാണ്. തിങ്കഴാഴ്ച നിരവധി രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സുപ്രധാന ഒരു നീക്കമാണെന്നും യുഎൻ സെക്രട്ടറി ജനറൽ പ്രസ്താവിച്ചു. സെക്രട്ടറി ജനറലായതിനു ശേഷം, ഒരുപക്ഷേ, ഞാൻ കണ്ട ഏറ്റവും മോശമായ അവസ്ഥയാണ് ഗാസയിലേതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ നിയോഗിച്ച സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ ഇസ്രായിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യയാണ് നടത്തുന്നതെന്ന് സ്ഥിരീകരിച്ചിരുന്നു.
ഗാസ മുനമ്പിൽ ഇതുവരെ 65,174 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും സംയുക്ത അധ്യക്ഷതയിൽ യു.എൻ ആസ്ഥാനത്ത് ദ്വിരാഷ്ട്ര പരിഹാര പ്രോത്സാഹന സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ വെച്ച് ഫ്രാൻസിന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ നീക്കത്തെ ഇസ്രായിൽ ശക്തമായി അപലപിച്ചു. ഇതിന് തിരിച്ചടിയായി, 1967 മുതൽ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ കൂടി കൂട്ടിച്ചേക്കുമെന്ന് ഇസ്രായിൽ നേതാക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്.