ന്യൂയോര്‍ക്ക് – ഗാസയില്‍ ഇസ്രായില്‍ നടത്തിയത് വംശഹത്യയെന്ന് യു.എന്‍ അന്വേഷണ കമ്മീഷന്‍. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതു മുതല്‍ പലസ്തീനികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ ഗാസ മുനമ്പില്‍ വംശഹത്യ നടത്തിയതായാണ് ഐക്യരാഷ്ട്രസഭക്കു കീഴിലെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ പറഞ്ഞത്.
ഗാസയില്‍ വംശഹത്യ നടക്കുന്നുണ്ടെന്നും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം ഇസ്രായിലിനാണെന്നും ഞങ്ങള്‍ നിഗമനത്തിലെത്തിയതായി അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ അധ്യക്ഷയായ നവി പിള്ള പറഞ്ഞു. ഈ ഭയാനകമായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഉന്നത തലങ്ങളിലുള്ള ഇസ്രായിലി നേതാക്കള്‍ക്കാണ്. ഗാസയിലെ ഫലസ്തീനികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യേക ലക്ഷ്യത്തോടെ ഏകദേശം രണ്ട് വര്‍ഷമായി വംശഹത്യ പ്രചാരണത്തിന് അവര്‍ നേതൃത്വം നല്‍കിയതായും നവി പിള്ള പറഞ്ഞു.
ഒരു ദേശീയ, വംശീയ, മതപരമായ ഗ്രൂപ്പിനെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് വംശഹത്യ എന്ന് നാസി ജര്‍മനി ജൂതന്മാരെ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് അംഗീകരിച്ച 1948 ലെ യു.എന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ നിര്‍വചിക്കുന്നു. കൊലപാതകം, ഗുരുതരമായ ശാരീരികവും മാനസികവും ആയ ഉപദ്രവം ഉണ്ടാക്കല്‍, ഫലസ്തീനികളെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ജീവിത സാഹചര്യങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കല്‍, ജനനം തടയാന്‍ ഉദ്ദേശിച്ചുള്ള നടപടികള്‍ ഏര്‍പ്പെടുത്തല്‍ എന്നിങ്ങനെ വംശഹത്യയുടെ ഗണത്തില്‍ പെടുന്ന നാല് കുറ്റകൃത്യങ്ങളില്‍ ഇസ്രായില്‍ കുറ്റക്കാരാണെന്ന് യു.എന്‍ കമ്മീഷന്‍ കണ്ടെത്തി.


ഇരകള്‍, സാക്ഷികള്‍, ഡോക്ടര്‍മാര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍, പരിശോധിച്ചുറപ്പിച്ച ഓപ്പണ്‍ സോഴ്സ് രേഖകള്‍, യുദ്ധത്തിന്റെ തുടക്കം മുതല്‍ ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനം എന്നിവയുള്‍പ്പെടെയുള്ള തെളിവുകള്‍ കമ്മീഷന്‍ അവലംബിച്ചു.
നെതന്യാഹുവും മറ്റ് നേതാക്കളും നടത്തിയ പ്രസ്താവനകള്‍ വംശഹത്യയുടെ ഉദ്ദേശ്യത്തിന്റെ നേരിട്ടുള്ള തെളിവാണെന്നും കമ്മീഷന്‍ നിഗമനം ചെയ്തു. 2023 നവംബറില്‍ അദ്ദേഹം ഇസ്രായില്‍ സൈനികര്‍ക്ക് എഴുതിയ ഒരു കത്ത് കമ്മീഷന്‍ ഉദ്ധരിച്ചു. അതില്‍ അദ്ദേഹം ഗാസ ഓപ്പറേഷനെ പഴയനിയമത്തില്‍ പരമാര്‍ശിക്കുന്ന സമ്പൂര്‍ണ ഉന്മൂലനത്തിന്റെ വിശുദ്ധ യുദ്ധം എന്ന് ഉപമിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെയും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിന്റെയും പേരുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇസ്രായില്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ സ്ഥിതിഗതികളെ കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ഇന്നലെ വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. പല രാജ്യങ്ങളും ഫലസ്തീനികളുടെ വംശഹത്യ നോക്കിനില്‍ക്കുന്നത് തുടരുന്നു. ഫലസ്തീനികളുടെ ദുരിതങ്ങള്‍ സാധാരണമാക്കുകയും അതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യുന്നു. ഇസ്രായിലുമായുള്ള ആയുധ വ്യാപാരവും നയതന്ത്ര ഇടപെടലും തടസ്സമില്ലാതെ തുടരുന്നു. ഇത് ധാര്‍മികമായി തെറ്റാണെന്ന് മാത്രമല്ല, നിയമവിരുദ്ധവുമാണ്. ഇസ്രായിലുമായി തുടര്‍ച്ചയായി വ്യാപാരം ചെയ്യാനും ആയുധങ്ങള്‍ കയറ്റി അയക്കാനും ഉത്തരവിട്ട ആളുകള്‍ക്കെതിരെ തന്നെ വംശഹത്യയുടെ ഉത്തരവാദിത്തം ചുമത്തണമെന്ന് ഫ്രാന്‍സെസ്‌ക അല്‍ബനീസ് ആവശ്യപ്പെട്ടു.
വളച്ചൊടിച്ചതും തെറ്റായതുമായ അന്വേഷണ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയുന്നതായും അന്വേഷണ കമ്മീഷന്‍ ഉടന്‍ പിരിച്ചുവിടണമെന്ന് ആഹ്വാനം ചെയ്യുന്നതായും ഇസ്രായില്‍ പറഞ്ഞു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായില്‍ വംശഹത്യാ കേസ് നേരിടുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്വയം പ്രതിരോധത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി ഇസ്രായില്‍ ആരോപണങ്ങള്‍ നിരസിക്കുന്നു. ഗാസയിലെ തുടര്‍ന്നുള്ള ഇസ്രായിലി സൈനിക നടപടിയില്‍ 64,500 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഗാസ മുനമ്പിന്റെ ചില ഭാഗങ്ങളില്‍ പട്ടിണി നിലനില്‍ക്കുന്നതായി വേള്‍ഡ് ഹംഗര്‍ വാച്ച് റിപ്പോര്‍ട്ട് പറയുന്നു.


അതേസമയം, വടക്കന്‍ ഗാസയില്‍ ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും പുതിയ ഇസ്രായിലി ആക്രമണങ്ങള്‍ കഷ്ടപ്പാടും കടുത്ത പട്ടിണിയും സഹിക്കുന്ന സാധാരണക്കാരില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി യു.എന്‍ വക്താവ് പറഞ്ഞു. ഗാസ സിറ്റിയില്‍ വാരാന്ത്യത്തില്‍ കണ്ട ഇസ്രായിലി സൈനിക ആക്രമണത്തിന്റെ രക്തരൂക്ഷിതമായ വര്‍ധനവിനെ ഞങ്ങള്‍ അപലപിക്കുന്നു. സാധാരണക്കാരുടെയും മാനുഷിക പ്രവര്‍ത്തകരുടെയും സംരക്ഷണത്തിനും അന്താരാഷ്ട്ര നിയമം പൂര്‍ണമായി പാലിക്കാനുമുള്ള ആഹ്വാനം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു – യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ഗാസ നഗരത്തിലുണ്ടായ കനത്ത വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും മൂലം തെക്കോട്ട് എത്തിച്ചേരാവുന്ന ഏക വഴിയായ തിരക്കേറിയ റാശിദ് റോഡിലൂടെ ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തതായി യു.എന്‍ മാനുഷികകാര്യ ഏകോപന ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സിക്കു കീഴില്‍ ഗാസ നഗരത്തിലുള്ള ഏഴ് സ്‌കൂളുകളും രണ്ട് ക്ലിനിക്കുകളും അടക്കം പത്ത് കെട്ടിടങ്ങള്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ബോംബാക്രമണത്തില്‍ തകര്‍ന്നതായും ഈ കെട്ടിടങ്ങളില്‍ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് അഭയം നല്‍കിയിരുന്നതായൂും യു.എന്‍ ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി കഴിഞ്ഞ ദിവസം പറഞ്ഞു. ഗാസ നഗരത്തിലും വടക്കന്‍ ഗാസ മുനമ്പിലും വ്യോമാക്രമണങ്ങള്‍ ശക്തമാകുന്നത് ക്ഷീണിതരും പരിഭ്രാന്തരുമായ സാധാരണക്കാരെ വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ലസാരിനി മുന്നറിയിപ്പ് നല്‍കി