അബൂദാബി– വിദേശത്ത് ജോലി ചെയ്യുന്നവർക്കായി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി പറഞ്ഞു. അബൂദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പാക്കേജിന് കൊച്ചിയില്‍നിന്ന് മാത്രമേ എംബാര്‍ക്കേഷന്‍നുള്ളൂ. പാക്കേജ് ലഭിക്കുന്ന പ്രവാസികള്‍ ഹജ്ജ് ക്യാമ്പിന് പത്തുദിവസം മുമ്പ് നാട്ടിലെത്തണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സമര്‍പ്പണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നാട്ടില്‍നിന്ന് പുറപ്പെടുന്ന പ്രവാസികള്‍ക്ക്, ഹജ്ജിന് ശേഷം ജോലി സ്ഥലത്തേക്കോ മറ്റോ സ്വന്തം ചെലവില്‍ യാത്ര ചെയ്യാം. എന്നാല്‍,പാക്കേജിനൊപ്പം നല്‍കുന്ന റിട്ടേണ്‍ തുക തിരികെ ലഭിക്കില്ല എന്നതും പ്രവാസികളുടെ ഹജ്ജ് തീര്‍ഥാടനം ചെലവ് ഏറിയതാക്കും.
കോഴിക്കോട് എയര്‍പോര്‍ട്ട് മുഖേനയുള്ള ഹജ്ജ് യാത്ര ടിക്കറ്റ് നിരക്കില്‍ ഉണ്ടായ വർദ്ധനവ് ഇവിടുന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വൻ തോതിൽ കുറവാണ് സംഭവിച്ചത്.
കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വർഷമാണ് ഭീമമായ നിരക്ക് വർദ്ധനവുണ്ടായത്.
തെരെഞ്ഞടുക്കപ്പട്ടവരിൽ ആയിരത്തില്‍ താഴെ പേർ മാത്രമാണ് കോഴിക്കോട് എംബാര്‍ക്കേഷന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 8530 പേരിൽ 4995 പേരുടെയും എംബാര്‍കേഷൻ കൊച്ചിയാണ്. 2892 പേരാണ് കണ്ണൂരിൽ നിന്നുംമുള്ളത്.
കോഴിക്കോടിനെ കൈവിട്ട് തീര്‍ഥാടകര്‍ കണ്ണൂരിനെ തിരഞ്ഞെടുത്തതോടെ അവിടെ അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും 5 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
27 കോടിരൂപയുടെ നിർമ്മാണ പദ്ധതിക്കായി പ്രത്യേക ആപ്പ് മുഖേന ക്രൗഡ് ഫണ്ടിങ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി പ്രവാസികളുടെ സഹായം കൂടി വേണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു