തിരുവനന്തപുരം– കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലായ്ത്തുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്നു തുടക്കം. കേരളത്തിലെ മികച്ച താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം തുടക്കമിട്ട ക്രിക്കറ്റ് ലീഗിൽ ആറു ടീമുകളാണ് പങ്കെടുക്കുക.
എല്ലാം ടീമുകളും തമ്മിൽ രണ്ടു തവണ ഏറ്റുമുട്ടുന്ന ഈ ടൂർണ്ണമെന്റിൽ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളടക്കം ആകെ 33 മത്സരങ്ങളാണ് ഉണ്ടാവുക. ഒരു ദിവസം രണ്ടു മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരം 2:30നും രണ്ടാം മത്സരം ഇന്നു ഒഴികെയുള്ള ദിവസങ്ങളിൽ 6:30ന് ആകും ആരംഭിക്കുക.
അദാനി ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് ടീമുകൾ. കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും.
സെപ്റ്റംബർ അഞ്ചിനായിരിക്കും സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുക. റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ പിറക്കുമെന്നാണ് മുമ്പ് നടന്ന പരിശീലന മത്സരം നൽകുന്ന സൂചന. സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ ഇത്തവണ കളിക്കാൻ എത്തുന്നത് മത്സരങ്ങൾക്ക് വാശിയേറും.
ചാമ്പ്യൻസിന് കെസിഎൽ കിരീടത്തോടൊപ്പം 30 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനകാർക്ക് 20 ലക്ഷവും സെമി ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷവുമാണ് ലഭിക്കുക. കഴിഞ്ഞ സീസണിൽ കാലിക്കറ്റിനെ തോൽപ്പിച്ചു കൊല്ലമാണ് കീരിടം നേടിയത്.
ഉച്ചക്ക് 2:30ന് നിലവിലെ ഫൈനലിസ്റ്റുകളായ കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ആദ്യ മത്സരത്തിന് ശേഷം ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കെ.സി.എൽ ബ്രാൻഡ് അംബാസിഡർ മോഹൻലാലും പങ്കെടുക്കും എന്നത് കൂടുതൽ ആവേശകരമാകും . അമ്പത് കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും.
രാത്രി 7:45ന് ട്രിവാൻഡ്രവും കൊച്ചിയും തമ്മിലുള്ള രണ്ടാം മത്സരം നടക്കും