ചെമ്പ്രകാനം( കാസർകോട്): പിഞ്ചു മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്താണ് ഇന്നലെ ദാരുണമായ സംഭവം ഉണ്ടായത്. തിമിരി ഗ്രാമത്തിൽ ചെമ്പ്രകാനം പഞ്ചാബ് കോളനി സ്വദേശിയും ചോയ്യങ്കോട് കെ.എസ്. ഇ. ബി യിലെ ജീവനക്കാരനുമായ രഞ്ജിത്തിന്റെ ഭാര്യ സജന (36) മക്കളായ ഗൗതം (9 ) തേജസ് (6 ) എന്നിവരെയാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിക്ക് സമീപത്തെ പടിഞ്ഞാറോട്ട് മുഖമുള്ള ഇരുനില കോൺക്രീറ്റ് വീടിന്റെ മുകളിലത്തെ നിലയിൽ കിടപ്പുമുറിയിലാണ് ഗൗതമിനെയും തേജസിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്റെ ടെറസിൽ ഉള്ള ഷീറ്റിന്റെ കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് സജനയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. വീട്ടിൽ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ അച്ഛൻ ശിവശങ്കരൻ പശുവിനെ നോക്കാനും പുല്ലു നൽകാനും പറമ്പിൽ പോയി തിരിച്ചു വന്നപ്പോൾ കുട്ടികളുടെ ശബ്ദം ഒന്നും കേൾക്കാത്തതിനാൽ മുകളിലത്തെ നിലയിൽ കയറി നോക്കിയപ്പോഴാണ് സജന തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ശിവശങ്കരന്റെ നിലവിളി കേട്ടാണ് അയൽവാസികൾ വീട്ടിൽ ഓടിയെത്തി വിവരം പോലീസിനെ അറിയിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു.ഡി ക്ലർക്ക് ആയി ജോലി ചെയ്യുന്ന സജന ഇന്നലെ ഓഫീസിൽ പോയിരുന്നില്ല. അവധിയും അറിയിച്ചിരുന്നില്ല.
യുവതിയെ കാണാത്തതിനാൽ മറ്റു ജീവനക്കാർ ഫോണിൽ മെസ്സേജ് അയച്ചു അന്വേഷിച്ചിരുന്നു. രഞ്ജിത്ത് രാവിലെ ചോയ്യങ്കോട് ജോലിക്കും പോയിരുന്നു എന്ന് പറയുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്. പി രതീഷ്, ചീമേനി ഇൻസ്പെക്ടർ കെ.സലീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം നടത്തി. വൈകുന്നേരം 3 മണിയോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചീമേനി പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്.