കുവൈത്ത് സിറ്റി– കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായി അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് പേർ വീതം ആന്ധ്രപ്രദേശ്, തമിഴ്നാട് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണെന്നും വിവരമുണ്ട്. എന്നാൽ, മരിച്ചവരുടെ പൗരത്വ വിവരങ്ങൾ കുവൈത്ത് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം, വിഷമദ്യം കഴിച്ച് ഇതുവരെ 13 പേർ മരിച്ചു, മരിച്ചവർ എല്ലാം ഏഷ്യക്കാരാണ്. മലയാളികൾ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന 40 ഇന്ത്യക്കാരുടെയും നില ഗുരുതരാവസ്ഥയിലാണ്. ഇതിൽ 31 പേർ വെന്റിലേറ്ററിലും 51 പേർക്ക് അടിയന്തര ഡയാലിസിസും നടത്തുന്നുണ്ട്. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ്ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാം.