കോഴിക്കോട്– ട്രെയിനിൽ യാത്ര ചെയ്യവേ വയോധികയെ തള്ളിയിട്ട് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് സൈഫ് അസ്ഖർ അലി ചൗധരിയാണ് പിടിയിലായത്. ട്രെയിനുകളിൽ മോഷണം നടത്തുന്നതിൽ വിദഗ്ധനായ ഇയാൾ, 13 വയസ്സുമുതൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കേരളത്തിലെ ആദ്യ മോഷണമാണ് കോഴിക്കോട്ട് ഇയാൾ നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
കോഴിക്കോട്ടെ ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് സമീപം സമ്പർക്രാന്തി എക്സ്പ്രസിൽ വെച്ചാണ് സംഭവം. തൃശൂർ സ്വദേശിനിയായ അമ്മിണി എന്ന വയോധികയുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ട്രെയിനിന്റെ വാതിലിനരികിൽ നിന്നിരുന്ന അമ്മിണിയെ ചൗധരി പെട്ടെന്ന് ആക്രമിച്ച് തള്ളിയിട്ടു. അവർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, 8500 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗുമായി ചൗധരി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായെങ്കിലും, അമ്മിണിക്ക് പരുക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സ തേടി.
മോഷണത്തിന് ശേഷം ചൗധരി മഡ്‌ഗാവിലേക്കും തുടർന്ന് മുംബൈയിലെ പൻവേലിലേക്കും കടന്നുകളഞ്ഞു. എന്നാൽ, റെയിൽവേ പൊലീസിന്റെ ശക്തമായ അന്വേഷണത്തെ തുടർന്ന് പൻവേലിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ട്രെയിനിൽ ചായ വിൽപനക്കാരനായി പ്രവർത്തിച്ചിരുന്ന ചൗധരി, യാത്രക്കാരെ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നത്. പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.