മസ്കത്ത് – ഒമാനിൽ കഴിഞ്ഞ വർഷം മാത്രം 1,854 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു. ഈ അപകടങ്ങളിൽ 586 പേർ മരണപ്പെട്ടു. മരിച്ചവരിൽ 293 പേരും പ്രവാസികളാണ്. 215 പുരുഷന്മാരും 78 സ്ത്രീകളും . ഒമാൻ സ്വദേശികളായ 293 പേരാണ് മരിച്ചത്, ഇതിൽ 276 പുരുഷന്മാരും 17 സ്ത്രീകളുമാണ്.
ഡ്രൈവർമാരിൽ മാത്രം 235 പുരുഷന്മാർ, യാത്രക്കാരായി 125 പുരുഷന്മാരും 50 സ്ത്രീകളും, കാൽനടയാത്രക്കാരായി 131 പുരുഷന്മാരും 28 സ്ത്രീകൾക്കും ജീവൻ നഷ്ട്ടപ്പെട്ടു. സ്ത്രീ ഡ്രൈവർമാരായ 17 പേർക്കാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞത്.
രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് (806). അതിനുശേഷം മറ്റു വസ്തുക്കളിലേക്കുള്ള ഇടിച്ചുകയറ്റം (338) ഉൾപ്പെടുന്നു.
2024ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം 1,936 പേർക്ക് അപകടങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. താരതമ്യേന, 2023ൽ 2,040 അപകടങ്ങളിൽ 595 മരണം, 2,129 പേർക്ക് പരിക്ക് എന്നതാണ് രേഖ. 2022ൽ ഈ കണക്കുകൾ 532 മരണം, 2,080 പരിക്ക് എന്നതായിരുന്നു.
വേഗത കവിയൽ, ഡ്രൈവിങിലെ അശ്രദ്ധ, മോശം പെരുമാറ്റം, ക്ഷീണം, അപകടകരമായ ഓവർടേക്കിങ്, ലഹരി ഉപയോഗം, സുരക്ഷിത അകലം പാലിക്കാതിരിക്കൽ, വാഹനതകരാർ തുടങ്ങിയവയാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിയൊരുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മോശം റോഡ് പെരുമാറ്റം മാത്രം 99 മരണങ്ങൾക്ക് കാരണമായി.
വാഹനാപകടങ്ങൾ തടയാൻ സുരക്ഷയും ജാഗ്രതയും നിർണായകമാണെന്ന് ഈ റിപ്പോർട്ടിലൂടെ അധികൃതർ ഓർമ്മപ്പെടുത്തുന്നു.