മുംബൈ– മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. ക്രിക്കറ്റിൽ ചുവടുവച്ചത് മുതൽ വിവാദങ്ങൾ താരത്തെ വിടാതെ പിടികൂടി. 2008-ല്‍ ഐപിഎല്ലിന്റെ കന്നി സീസണ്‍ ഇങ്ങനെ ഒന്നായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം താരത്തിന്റെ കരിയറിലെ തന്നെ പ്രധാന സംഭവമായി മാറി. വിവാദമായതോടെ ഹര്‍ഭജനെ ഐപിഎല്ലിലെ മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് ഹർഭജൻ ശ്രീശാന്തിനോട് മാപ്പ് പറഞ്ഞുവെങ്കിലും ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദ സംഭവങ്ങളില്‍ ഒന്നായി ആ അടി ഉയർന്നു നിന്നു.
കഴിഞ്ഞ ദിവസം ആര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്‍ഭജന്‍ സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിന് ശ്രീശാന്തിനോട് 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ ഭാജി, ശ്രീശാന്തിന്റെ മകളോട് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ തന്റെ ഹൃദയം തകർക്കുന്ന മറ്റൊരു അനുഭവമുണ്ടായെന്നും വെളിപ്പെടുത്തി.
”വര്‍ഷങ്ങള്‍ക്ക് ശേഷവും എന്നെ വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ (ശ്രീശാന്തിന്റെ) മകളെ കണ്ടുമുട്ടിയപ്പോഴാണ്. ഞാന്‍ അവളോട് ഒരുപാട് സ്‌നേഹത്തോടെ കുശലം ചോദിച്ചു, വിശേഷങ്ങൾ ചോദിച്ചപ്പോൾ നിങ്ങള്‍ എന്റെ അച്ഛനെ അടിച്ചില്ലേ, എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അവള്‍ തുറന്നടിച്ചു. ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സിൽ തന്റെ പിതാവിനെ മറ്റൊരാൾ അടിച്ച കാര്യം അത്രയധികം വേദനയുണ്ടാക്കിയിരിക്കണം. അവളുടെ മറുപടി എന്നെ തകർത്തു കളഞ്ഞു. അവളുടെ മനസ്സിൽ അവളുടെ സൂപ്പർ ഹീറോയായ അച്ഛനെ അടിച്ച വില്ലനാണ് ഞാൻ. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? ഈ സംഭവം ഹൃദയം മുറിയുന്ന വേദനയോടെ അനുഭവിക്കേണ്ടി വന്നെന്നും ഹർഭജൻ പറഞ്ഞു.
”എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. ആ സംഭവം എന്റെ കരിയറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീശാന്തിനോട് 200 തവണയെങ്കിലും ഞാന്‍ അതിന് ക്ഷമാപണം നടത്തിയിട്ടുണ്ട്. ആ സംഭവത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും എനിക്ക് അതില്‍ കുറ്റബോധമുണ്ട്. ഇപ്പോഴും ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഞാന്‍ ക്ഷമാപണം നടത്താറുണ്ട്. അത് തെറ്റായിരുന്നു. അന്ന് ഞങ്ങള്‍ എതിരാളികളായിരുന്നു. പക്ഷേ പ്രശ്‌നം അത്രയും വഷളാക്കേണ്ടിയിരുന്നില്ല”ഹര്‍ഭജന്‍ പറഞ്ഞു.