ചെന്നൈ– തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സഹോദരന്‍ എം.കെ മുത്തു (77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ് ഇദ്ദേഹം. പിതാവിനെപ്പോലെ തന്നെ സ്‌നേഹിച്ചിരുന്നയാളാണ് സഹോദരനെന്ന് എം.കെ സ്റ്റാലിന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സിനിമ മേഖലയിലെ തുടക്ക കാലവും രാഷ്ട്രീയത്തില്‍ പ്രോത്സാഹനം നല്‍കിയതിനെ കുറിച്ചും സ്മരിച്ചു. ‘ കലയും പാട്ടുകളുമായി ഞങ്ങളുടെ ഓര്‍മകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും’ സ്റ്റാലിന്‍ കുറിച്ചു.
മുത്തു ജനിച്ചതിന് ശേഷം 20ാം വയസിലാണ് ക്ഷയരോഗം ബാധിച്ച് പദ്മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുമ്മാളിന്റെ മകനാണ് സ്റ്റാലിന്‍. 1970കളില്‍ ചില സിനിമകളില്‍ മുത്തു നായകനായി അഭിനയിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ അഭിനയം മതിയാക്കി കടുത്ത മദ്യപാനത്തിലേക്ക് വീണുപോയ മുത്തു കരുണാനിധിയുമായി അകന്നു. പിന്നീട് രാഷ്ട്രീയത്തിലിറങ്ങുകയും ഡിഎംകെ വിട്ട് ജയലളിതക്കൊപ്പം എഐഎഡിഎംകെയിലേക്കു പോയെങ്കിലും ശോഭനമായ ഭാവി ഉണ്ടാക്കാനായില്ല. രണ്ടു ദശകങ്ങളായി രോഗബാധിതനായിരുന്നു. മൃതദേഹം ഗോലാപുരത്തെ കരുണാനിധിയുടെ വസതിയിലേക്ക് കൊണ്ടുവന്നു. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കള്‍: എം.കെ.എം അറിവുനിധി, തേന്‍മൊഴി.