തെഹ്റാൻ– ഒമാൻ ഉൾക്കടലിൽ ഇറാന്റെ സമുദ്രാതിർത്തിക്ക് സമീപമെത്തിയ യു.എസ് യുദ്ധക്കപ്പൽ (ഡിസ്ട്രോയർ) ലക്ഷ്യമിട്ട് വിജയകരമായി ആക്രമണം നടത്തിയതായി ഇറാൻ നാവികസേന അവകാശപ്പെട്ടു. ഇറാന്റെ വാണിജ്യ കപ്പലുകൾക്കെതിരെ യു.എസ് നടത്തുന്ന സൈനിക നീക്കങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര നിയന്ത്രണ ലംഘനങ്ങൾക്കുമുള്ള മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യു.എസ് ഡിസ്ട്രോയറിലെ ‘കമാൻഡ് ആൻഡ് കൺട്രോൾ സെന്റർകൃത്യമായി ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും ഇറാൻ വ്യക്തമാക്കി.
തങ്ങളുടെ നാവികസേന മേഖലയിലെ യു.എസ്-ഇസ്രായേൽ നീക്കങ്ങൾ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. യുദ്ധക്കളത്തിൽ ശത്രുക്കൾക്കുമേൽ തങ്ങൾ പുതിയ ഇടപെടൽ നിയമങ്ങൾ നടപ്പിലാക്കുകയാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രതികരിച്ചു. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിക്കപ്പെട്ടാൽ നേരിടാൻ പൂർണ്ണ സജ്ജമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.
അതേസമയം, യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം പൂർണ്ണമായും വ്യാജമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിലുള്ള യു.എസിന്റെ സൈനിക ആസ്തികളും കപ്പലുകളും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് യു.എസ് സൈനിക വക്താക്കൾ വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽപ്പാതയിലെ സുരക്ഷ ഉറപ്പാക്കാൻ യു.എസ് സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക കൂട്ടിച്ചേർത്തു.



