മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് രോഗികൾ ശ്വാസംമുട്ടി മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബ്രഹ്മപുര പ്രദേശത്തെ പ്രസാദ് ഹോസ്പിറ്റലിലാണ് ദുരന്തമുണ്ടായത്. ഐ.സി.യുവിൽ ഉണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓക്സിജൻ യൂണിറ്റിൽ നിന്നോ മോണിറ്റർ സിസ്റ്റത്തിൽ നിന്നോ ആവാം തീ പടർന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ അറിയിച്ചു.
പുലർച്ചെ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഐ.സി.യുവിൽ നിന്ന് തീയും കനത്ത പുകയും ഉയർന്നത്. നിമിഷങ്ങൾക്കകം വിഷപ്പുക കെട്ടിടമാകെ പടർന്നതോടെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി ഓടി. കനത്ത പുക രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. വിവരമറിഞ്ഞ് അഗ്നിശമനസേനയും ദുരന്തനിവാരണ വിഭാഗവും സ്ഥലത്തെത്തിയാണ് കെട്ടിടത്തിൽ കുടുങ്ങിയ ഇരുപതിലധികം രോഗികളെ പുറത്തെത്തിച്ചത്.
അപകടത്തിൽ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശശാങ്ക് കുമാർ, ഉദയ് കുമാർ, ഗീതാ ദേവി, ബ്രിജ് നന്ദ് റായ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ ആശുപത്രിയിലെ ഐ.സി.യു ഇൻ-ചാർജിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ ഡോക്ടർമാരും ജീവനക്കാരും രോഗികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന സ്വന്തം പിതാവ് മരിച്ചിട്ടും മൃതദേഹം വിട്ടുനൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഒരു യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് ശേഷം പല രോഗികളെയും എങ്ങോട്ടാണ് മാറ്റിയതെന്ന കൃത്യമായ വിവരങ്ങൾ നൽകാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ബന്ധുക്കളെ കണ്ടെത്താനാകാതെ നിരവധി കുടുംബങ്ങളാണ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നത്.
ജില്ലാ സിവിൽ സർജന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.



