ന്യൂഡൽഹി– യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്കിനെ കുറിച്ച് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. നിങ്ങൾ പറഞ്ഞ ആളെ കുറിച്ച് എനിക്ക് ഈ സാഹചര്യത്തിൽ പറയാൻ ഒന്നുമില്ല എന്നായിരുന്നു വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്.
37 കാരിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ഗ്രാൻഡ് മുഫ്തിയായ എപി അബൂബക്കർ മുസ്ലിയാർ യമനിലെ പണ്ഡിതരോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ടാണ് വധശിക്ഷ നീട്ടി വെച്ചത് എന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഇസ്ലാമിൽ കൊല്ലുന്നതിന് പകരം നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയുണ്ടെന്നും, ഞാൻ അത് സ്വീകരിക്കാൻ അവരോട് അപേക്ഷിക്കുകയുമാണ് ചെയ്തത്. അതിനായുള്ള ചർച്ചകൾ ആണ് നടക്കുന്നതെന്നും നാളെയാണ് വധശിക്ഷ നടക്കേണ്ടതെന്നും അത് മാറ്റി വെച്ചുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നിമിഷ പ്രിയയുടെ കേസ് വളരെ വൈകാരികമാണെന്നും, സർക്കാർ ആവശ്യമായ നടപടികൾ കൈകൊള്ളുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു. കുടുംബത്തിന് കേസ് നടത്താൻ ആയി ഒരു വക്കീലിനെ നിയമിച്ച് നൽകിയിട്ടുണ്ട്. ഇത് കൂടാതം യമനിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടാനുള്ള അവസരവും അത് വഴി ഇരു കൂട്ടർക്കും പരസ്പര ധാരണയിലെത്താനും സാധിക്കും. നിലവിൽ യമനിലെ സർക്കാർ മാറ്റിവെച്ചതായും മറ്റ് നടപടികൾക്കായുള്ള സാധ്യതകൾക്കായി തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും, മറ്റ് സഹോദര സർക്കാറുകളുമായി ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ജയ്സ്വാൾ വ്യക്തമാക്കി.
കാന്തപുരത്തിന്റെയും നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ആക്ഷൻ കൗൺസിലിന്റെ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി നേതാക്കൾ പ്രശംസയുമായി രംഗത്തുവന്നിരുന്നു.