ദോഹ-അതിജീവനത്തിനായി പൊരുതുന്ന ഗാസയിലെ അനേകായിരം പേർക്ക് അത്യാഹിത ചികിത്സ നൽകാൻ കഠിന പ്രയത്നം നടത്തിയിരുന്ന ഡോ.ഹുസാം അബു സഫിയയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽ ജസീറ 360 ചാനലിൽ ഇന്ന് പ്രദർശിപ്പിക്കും.
പല യുദ്ധാവസ്ഥകളും സാമൂഹ്യ പ്രതിസന്ധികളും നേരിടേണ്ടിവന്ന ഗാസയിൽ, മനുഷ്യജീവിതം രക്ഷിക്കാനുള്ള അസാധാരണമായ സേവനത്തിനിടയിൽ ഡോ. അബു സഫിയ നേരിട്ട ഭീകരതയും, വൈകാരികതയും നിറഞ്ഞ അനുഭവങ്ങൾ ആഴത്തിൽ പുറത്തുവിടുകയാണ് ഈ ഡോക്യുമെന്ററി. അത്യാഹിത വൈദ്യ സേവനം പ്രധാനം ചെയ്യുന്ന അവസാനത്തെ ഡോക്ടറായി അവിടെ നിലനിന്ന അദ്ദേഹത്തിന്റെ മനോഹരമായ, ഒരേ സമയം ഹൃദയഭേദകവുമായ യാത്രയാണ് ദൃശ്യരൂപത്തിൽ എത്തുന്നത്.
വടക്കൻ ഗാസയുടെ ‘ജീവൻ്റെ രേഖ’ എന്നാണ് ഡോ.അബു സഫിയയുടെ കമാൽ അദ്‌വാൻ ആശുപത്രിയെ വിശേഷിപ്പിച്ചിരുന്നത്. ലാഭേച്ഛയില്ലാതെ ഡോ. ഹുസാം അബൂ സഫിയ അടക്കം നിരവധി മെഡിക്കൽ ജീവനക്കാർ ഇവിടെ രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി അബു സഫിയ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ മെഡ്ഗ്ലോബൽ പറഞ്ഞിരുന്നു. ഒരു മെഡിക്കൽ പ്രൊഫഷണലും സഹിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളിലാണ് അദ്ദേഹം രോഗികളെ പരിചരിച്ചത്. പിന്നീട് ആശുപത്രി പൂർണ്ണമായും നശിപ്പിക്കുകയും,മെഡിക്കൽ സ്റ്റാഫടക്കം നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തെ ഇസ്രായേൽ സൈന്യം തടവിലാക്കുകയും ക്രൂരമായ പീഢനങ്ങൾക്കിരയാക്കുകയും ചെയ്തിരുന്നു.
45 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി , ഇസ്രായേൽ അധിനിവേശ സേനയുടെ ആശുപത്രി ഒഴിപ്പിക്കലിനും നശിപ്പിക്കലിനുമിടയിൽ 16 മാസത്തിലേറെ നിരന്തര സമ്മർദ്ദം സഹിച്ച ഡോ. അബു സഫിയയുടെയും അദ്ദേഹത്തിന്റെ സമർപ്പിത മെഡിക്കൽ സംഘത്തിന്റെയും വേദനാജനകമായ യാത്രയെ വിവരിക്കുന്നതാണ്.


ഗാസയിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിയുമായിരുന്ന വിദേശ പൗരത്വം ഡോ. അബു സഫിയ കൈവശം വച്ചിരുന്നെങ്കിലും, തന്റെ ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ ചിത്രം വ്യക്തമാക്കും. ഇത് തന്റെ ജനതയോടും, തൊഴിലിനോടുമുള്ള അദ്ദേഹത്തിന്റെ ആഴമായ പ്രതിബദ്ധത പ്രകടമാക്കുന്നു. അദ്ദേഹത്തിന്റെ ധീരമായ നിലപാട് ഒടുവിൽ 2024 ഡിസംബറിൽ ഇസ്രായേൽ അധിനിവേശ സേന അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുന്നതിലേക്ക് നയിച്ചതായി ചിത്രത്തിന്റെ പര്യവസാനത്തിൽ കാണിക്കുന്നു.ശേഷം ക്രൂരമായ പീഢനങ്ങളായിരുന്നു അദ്ദേഹം നേരിട്ടിരുന്നത്. കുപ്രസിദ്ധമായ ഓഫെർ ജയിലിൽ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലാവുകയും നിർബന്ധിത പട്ടിണി കാരണം അദ്ദേഹത്തിന്റെ ശരീരഭാരം പകുതിയോളം കുറഞ്ഞതായും റിപ്പോർട്ട വന്നിരുന്നു.
സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സേവനം എങ്ങനെയാണ് വ്യക്തിപരമായി വലിയ നഷ്ടം വരുത്തിയതെന്ന് ചിത്രത്തിലൂടെ കൂടുതൽ കാണിക്കുന്നു. അദ്ദേഹത്തിന് തന്റെ മെഡിക്കൽ സംഘത്തിലെ ഭൂരിഭാഗം പേരെയും നഷ്ടപ്പെട്ടു , അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിമിന്റെ ദാരുണമായ കൊലപാതകം, രണ്ടാമത്തെ മകൻ ഇദ്രിസിനേറ്റ വെടിവെപ്പ്, കുടുംബവീട് നശിപ്പിക്കൽ എന്നിവയെല്ലാം ചിത്രത്തിൽ തുറന്നു കാട്ടുന്നുണ്ട്. .വടക്കൻ ഗാസയിലെ നിസ്സഹായരായ മനുഷ്യർക്കുള്ള ഏക ആരോഗ്യ സംരക്ഷണ സംവിധാനമായിരുന്നു കമാൽ അദ്‌വാൻ. യുദ്ധത്തിൻ്റെ തുടക്കം മുതൽ തന്നെ ഹുസാം അബൂ സഫിയ നടത്തിയ അപാരമായ ശ്രമങ്ങൾ ലോകമെമ്പാടും ശ്രദ്ധനേടിയതാണ്. എന്നാൽ, വടക്കൻ ഗാസയിലെ അവസാനത്തെ പ്രധാന ആരോഗ്യ കേന്ദ്രം ഇപ്പോൾ ശൂന്യമാണ്.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽ ജസീറ 360-ൽ മറ്റു നിയന്ത്രണങ്ങളില്ലാതെ പ്രദർശിപ്പിക്കും എന്നാണ് ഔദ്യോഗിക വിവരം