ഗാസ- ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ ഡോ. മർവാൻ സുൽത്താനെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതാണ് എന്ന് അദ്ദേഹത്തിന്റെ മകളായ ലുബ്ന അൽ സുൽത്താൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഡോ. മർവാൻ സുൽത്താൻ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിനായി ഉപയോഗിച്ച എഫ്-16 മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത് എന്ന് മകൾ അമേരിക്കൻ വാർത്താ മാധ്യമമായ എപി ന്യൂസിനോട് പറഞ്ഞു.
ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പിതാവ് ഒരു സംഘടനയായും ബന്ധമുള്ള ആളല്ല, അദ്ദേഹം ശുശ്രൂഷിക്കുന്ന രോഗികളെ കുറിച്ച് മാത്രമേ ആശങ്കപ്പെട്ടിരുന്നുള്ളു എന്നും മകൾ കൂട്ടിചേർത്തു. ആക്രമണത്തിൽ ഡോ. മർവാൻ സുൽത്താന്റെ ബന്ധുക്കളും, കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടെന്നാണ് വിവിധ വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്തത്.
അതീവ ദുഷ്കരമായ സാഹചര്യത്തിലും അർപ്പണബോധത്തോടെ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഡോ. മർവാൻ സുൽത്താൻ എന്നും അദ്ദേഹത്തിന്റെ ആത്മാർത്ഥത എന്നെന്നും ഓർമ്മിക്കപ്പെടും എന്നും ഡോക്ടറെ കൊലപ്പെടുത്തിയത് പൊറുക്കാനാകാത്ത കുറ്റകൃത്യമാണെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ആരോഗ്യ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഇസ്രായേൽ സൈന്യം വേട്ടയാടുന്നതായും മന്ത്രാലയം പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നില്ല. എന്നാൽ, ആക്രമണം നടത്തിയത് ഹമാസ് ഭീകരരെ ലക്ഷ്യമിട്ടാണ് എന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. സാധാരണ പൗരന്മാർ കൊല്ലപ്പെട്ടെന്ന വാദം പരിശോധിച്ച് വരികയാണെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഇസ്രായേൽ ആക്രമണങ്ങളിൽ 139 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത്. 60 ദിവസത്തേക്കുള്ള വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചു എന്നു ഡൊണാൾഡ് ട്രംപ് പറഞ്ഞ ശേഷവും ഇസ്രായേൽ ആക്രമണം തുടർന്നു കൊണ്ടിരിക്കുകയാണ്. ഹമാസുമായുള്ള വെടിനിർത്തൽ ദാരണ ഗൗരവമായി കാണുന്നു എന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ട്രംപിന്റെ വാക്കുകളോട് പ്രതികരണമായി അറിയിച്ചത്. 2023 ഒക്ടോബറിന് ശേഷം മാത്രം ഇസ്രായേൽ പക്ഷത്ത് നിന്ന് 1,200 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഗാസയിൽ നിന്ന് മാത്രം കൊല്ലപ്പെട്ടത് 59,000 ത്തിലധികം ആളുകളാണ്.