ദുബൈ – പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി അറബ് പൗരനില്‍ നിന്ന് 9,900 ദിര്‍ഹം തട്ടിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഏഷ്യന്‍ സ്വദേശികള്‍ക്ക് ഒരു മാസം തടവു ശിക്ഷയും, പിഴയും, ശേഷം നാടുകടത്തലിനും ഉത്തരവിട്ട് ദുബൈ കോടതി.
യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ രേഖകള്‍ പുതുക്കാനെന്ന വ്യാജേനയാണ് നിയമപാലകരായി വേഷം മാറി പ്രതികൾ രംഗത്ത് വന്നത്. ഇരയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയായിരുന്നു തട്ടിപ്പ്. പ്രതികള്‍ക്ക് ദുബായ് കോടതി 9,900 ദിര്‍ഹം പിഴ ചുമത്തി.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പു സംഘങ്ങളിലൊരാള്‍ ഫോണ്‍ ചെയ്യുകയായിരുന്നു ആദ്യം. ബാങ്ക് വിവരങ്ങള്‍ ഉടനടി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പറഞ്ഞു. ഇത് കേട്ട് പരിഭ്രാന്തനായ ആള്‍ തന്റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു. താമസിയാതെ തന്നെ തന്റെ അക്കൗണ്ടില്‍ നിന്ന് 9,900 ദിര്‍ഹം പിന്‍വലിക്കപ്പെടുകയും ചെയ്തു.
പരാതി ലഭിച്ച ഉടൻ സമഗ്ര അന്വേഷണവുമായി ദുബൈ പൊലീസ് രംഗത്ത് എത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും, ഒടുവില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്ന ദേരയിലെ ഒരു ഫ്ലാറ്റിലെത്തി പിടികൂടുകയുമായിരുന്നു. ഫ്ലാറ്റിൽ നിന്നും തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചിരുന്ന നിരവധി സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി. ഇതില്‍ പലതും ഷൂസിനുള്ളിലും, പ്ലാസ്റ്റിക്ക് കവറുകള്‍ക്കുള്ളിലുമായ് ഒളിപ്പിച്ച നിലയിലായിരുന്നു. ഇരയെ ബന്ധപ്പെടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇതില്‍ നിന്നും കണ്ടെത്തിയതായി ഫോറന്‍സിക് അധികൃതര്‍ സ്ഥിരീകരിച്ചു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് രാജ്യം വിട്ട ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്നും,വിദൂരത്ത് നിന്ന് ചരട് നീക്കി ഇരകളുടെ ബാങ്കിംഗ് ഡാറ്റ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിയാളാണെന്നും പ്രതികള്‍ സമ്മതിച്ചു. ഇതിനായി ഇവര്‍ക്ക് 1,800 ദിര്‍ഹം മുതല്‍ 2,000 ദിര്‍ഹം വരെ പ്രതിമാസ ശമ്പളമായി നല്‍കുകയും ചെയ്യുന്നുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി.
വഞ്ചന, വ്യാജ ഐഡന്റിറ്റി പ്രയോഗം, പണം തട്ടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അഞ്ചു പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തി. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടു കടത്തുകയും ചെയ്യും.