വാഷിംഗ്ടണ്‍ – ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഈ വെടിനിര്‍ത്തല്‍ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും. 60 ദിവസത്തെ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായും വാഷിംഗ്ടണില്‍ യു.എസ്, ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ഗാസയില്‍ സമാധാനമുണ്ടാക്കാന്‍ വളരെയധികം പരിശ്രമിച്ച ഖത്തരികളും ഈജിപ്തുകാരും വെടിനിര്‍ത്തലിനുള്ള ഈ അന്തിമ നിര്‍ദേശം ഹമാസിനു മുന്നില്‍ അവതരിപ്പിക്കും. മിഡില്‍ ഈസ്റ്റിനുവേണ്ടി, ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് ഹമാസ് അംഗീകരിക്കാത്ത പക്ഷം ഗാസയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടില്ല, അത് കൂടുതല്‍ വഷളാകും – ട്രംപ് പറഞ്ഞു.
ഗാസ മുനമ്പിലെ യുദ്ധവുമായും മേഖലയിലെ സമാധാന കരാറുകള്‍ വിപുലീകരിക്കുന്നതുമായും ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റുമായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായും നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് അടുത്ത ആഴ്ച വാഷിംഗ്ടണിലേക്ക് പോകുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.
ട്രംപുമായും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, വാണിജ്യ മന്ത്രി ഹോവാര്‍ഡ് ലുട്‌നിക്, യു.എസ് സെനറ്റ്, പ്രതിനിധി സഭ അംഗങ്ങള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹു ഇന്നലെ വ്യക്തമാക്കി.
ഓപ്പറേഷന്‍ റൈസിംഗ് ലയണിലൂടെ ഇറാനെതിരെ നടത്തിയ ആക്രമണത്തിന് ശേഷമാണ് അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നത്. വിജയം മുതലെടുക്കുന്നത് അത് നേടുന്നതു പോലെ തന്നെ പ്രധാനമാണ് – നെതന്യാഹു പറഞ്ഞു. ട്രംപുമായി എപ്പോള്‍ കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹു വെളിപ്പെടുത്തിയില്ല. എന്നാല്‍ നെതന്യാഹു ഞായറാഴ്ച വാഷിംഗ്ടണിലേക്ക് പോകുമെന്നും അടുത്ത തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.