മലപ്പുറം: മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്ന് മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു. കോട്ടക്കലിന് സമീപം പാങ്ങിലാണ് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചത്. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.
മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് ഡി.എം.ഒക്കും പരാതി നൽകി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്ന നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന. പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡി.എം.ഒയും പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളൊന്നും ഇവർ എടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ പ്രോത്സാഹിപ്പിക്കുന്നവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് പാങ്ങ് പടിഞ്ഞാറ്റ്മുറി മഹല്ല് പള്ളിയിൽ കുഞ്ഞിനെ മറവു ചെയ്തു.