തെല്‍അവീവ് – വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന് ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇറാനില്‍ നൂറുകണക്കിന് ഏജന്റുമാരെ മൊസാദ് പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇത് ഇറാന് ഭരണകൂടത്തെ ആശയക്കുഴപ്പത്തിലാക്കി. മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിന്ന സൂക്ഷ്മമായ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. വിപുലമായ തയാറെടുപ്പുകള്‍ക്കും സാഹചര്യത്തിന്റെ ഗുരുതരമായ സ്വഭാവം സംബന്ധിച്ച ആഴത്തിലുള്ള ധാരണക്കും ശേഷമാണ് ഇസ്രായില്‍ ഇറാനില്‍ ആക്രമണം നടത്തിയതെന്നും ബാര്‍ണിയ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ സഹകരിച്ചതിന് മൊസാദ് മേധാവി, ഇസ്രായില്‍ മിലിട്ടറി ഇന്റലിജന്‍സ്, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍, അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ എന്നിവരോട് നന്ദി പറഞ്ഞു. ഗാസയില്‍ ശേഷിക്കുന്ന 50 ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കാനുള്ള മൊസാദിന്റെ പ്രതിബദ്ധത ബാര്‍ണിയ ആവര്‍ത്തിച്ചു. ബന്ദികളില്‍ 20 പേര് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രണ്ട് പേരുടെ അവസ്ഥ ഇപ്പോഴും അവ്യക്തമാണെന്നും ബാര്‍ണിയ പറഞ്ഞു.
അതിനിടെ, ഇസ്രായില്‍ വ്യോമസേനയുമായി സഹകരിച്ച് ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാനിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ അപൂര്‍വ വീഡിയോകള്‍ മൊസാദ് പുറത്തുവിട്ടു. ഏജന്റുമാരുടെ മുഖം മറച്ച വീഡിയോകള്‍, ഇറാന് ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ കാണിക്കുന്നു. രഹസ്യ ഓപ്പറേഷനുകളിലൂടെ ഈ ഡ്രോണുകളില്‍ ചിലത് ഇറാന് പ്രദേശത്തിനുള്ളില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇറാനകത്ത് മൊസാദ് പ്രവര്‍ത്തിക്കുന്ന കാര്യം അടുത്തിടെ വരെ ഔദ്യോഗികമായി ഇസ്രായില്‍ അംഗീകാരിച്ചിരുന്നില്ല. 2021 ജൂണില്‍ കരാജ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ മൊസാദ് ആണെന്ന് ഇറാന് നേരത്തെ ആരോപിച്ചിരുന്നു.