ദോഹ- ഇറാന്റെ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച വ്യോമപാത ഖത്തർ തുറന്നു. ഇന്ന് ഉച്ചയോടെയാണ് വ്യോമപാത ഖത്തർ അടച്ചത്. രാജ്യം തീർത്തും സാധാരണ നിലയിലേക്ക് മാറിയതായും ഖത്തർ അറിയിച്ചു.
അതേസമയം, ഖത്തറിലെ സ്കൂളുകളിലും കോളേജുകളിലും ചൊവ്വാഴ്ച(ഇന്ന്) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും ഒരു ദിവസത്തേക്ക് മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും അറിയിച്ചു. നാളെ(ബുധൻ) മുതൽ എല്ലാം സാധാരണ ഷെഡ്യൂളിൽ പ്രവർത്തിക്കും.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സഹചര്യം ശക്തമായി തുടരുകയാണെന്നും ഒരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
കിംവദന്തികൾക്ക് വഴങ്ങുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ എല്ലാ പൊതുജനങ്ങളോടും ആഹ്വാനം ചെയ്യുന്നു. ഔദ്യോഗിക ഉറവിടങ്ങൾ പുറത്തുവിടാത്ത വിവരങ്ങൾ പങ്കിടരുത്. അത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യരുത്. വിവരങ്ങളുടെ കൃത്യതക്കായി അംഗീകൃത ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുക.
ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം, സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജീവിതത്തിന്റെ സാധാരണ നില നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും പൂർണ്ണമായും തയ്യാറാണെന്നും രാജ്യം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.