നിലമ്പൂർ- എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ പിന്തുണച്ച സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും പരിഹസിച്ച് എംഎൽഎ യും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ ന്റെ ഫേസ്ബുക്ക് പോസ്റ്റ്. എനിക്കും എനിക്കും നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിലോ ലോ ലോ ലോ!!! എന്നായിരുന്നു രാഹുൽ തൻറെ ഫേസ്ബുക്കിൽ കുറിച്ചത്.


നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സാംസ്കാരിക കേരളം സ്വരാജിനൊപ്പം എന്ന തലക്കെട്ടിൽ ഇടത് പക്ഷ ചിന്താധാരയിലുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സ്വരാജിന് പരസ്യമായ പിന്തുണ അറിയിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുൽ പോസ്റ്റിട്ടത്. ആദ്യമായി പിന്തുണയുമായി രംഗത്തുവന്നത് പ്രമുഖ എഴുത്തുകാരനായ സച്ചിദാനന്ദൻ ആണ്. പിന്നീട് എഴുത്തുകാരായ എം.മുകുന്ദൻ, കെ.ആർ മീര, വൈശാഖൻ എന്നിവരും രംഗത്തെത്തിയിരുന്നു.
അതേസമയം, എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു. എഴുത്തുകാർ മുഴുവൻ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിച്ച വൈശാഖനെതിരെ കൽപ്പറ്റ നാരായണൻ മാഷ് രംഗത്തെത്തിയിരുന്നു. സാഹിത്യകാരന്മാരുടെ പരസ്യ രാഷ്ട്രീയ നിലപാടിനെതിരെ സാറാജോസഫ്, പിഎഫ് മാത്യൂസ്, റഫീഖ് അഹ്മദ് എന്നിവരും രംഗത്തെത്തി.