ന്യൂദൽഹി-ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മോഡി ആശംസിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രാഹുലിന് ആശംസ നേർന്നു. രക്തബന്ധത്താലല്ല, ചിന്തയാലും, ദർശനത്താലും, ലക്ഷ്യത്താലും ബന്ധിതനായ എന്റെ ആദർശ സഹോദരന് ജന്മദിനാശംസകൾ.
നിങ്ങൾ ഉറച്ചുനിൽക്കുകയും ധൈര്യത്തോടെ നയിക്കുകയും ചെയ്യുന്നത് തുടരട്ടെ. ശോഭനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിൽ, വിജയം നമ്മുടേതായിരിക്കും എന്നും സ്റ്റാലിൻ എഴുതി.
സാമൂഹിക നീതിയോടുള്ള നിങ്ങളുടെ സംവേദനക്ഷമതയും പ്രതിബദ്ധതയും രാഷ്ട്രീയ സംവാദത്തിന് പുതിയ ദിശാബോധം നൽകിയെന്ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് ജന്മദിന സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പുരോഗതിക്കും നിങ്ങൾ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾക്കും വേണ്ടി നിങ്ങൾ നടത്തുന്ന ശ്രമങ്ങളിൽ വലിയ വിജയം കൈവരിക്കണമെന്നാണ് എന്റെ ഹൃദയംഗമമായ ആഗ്രഹം.
കൂടാതെ, വരുന്ന വർഷം നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നൽകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും സചിൻ പൈലറ്റ് പറഞ്ഞു.