ന്യൂഡല്‍ഹി– നീറ്റ് യു.ജി പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം എം.ബി.ബി.എസ്, ബി.ഡി.എസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി 22.7 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 1236531 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. രാജസ്ഥാന് സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമത്. ആദ്യ പത്ത് റാങ്കില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത്. ആദ്യ നൂറു റാങ്കില്‍ കേരളത്തില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ല.
കേരളത്തില്‍ നിന്ന് ഒന്നാമത് കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ്. 109 റാങ്കാണ് അഖിലേന്ത്യാ തലത്തില്‍ ദീപ്നിയ നേടിയത്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ഥിയായിരുന്നു ദീപ്നിയ. അഖിലേന്ത്യാ തലത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷ്ണ ജോഷിക്കാണ് മൂന്നാം റാങ്ക്. അഖിലേന്ത്യാ തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ഡല്‍ഹി സ്വദേശി അവിക അഗര്‍വാളാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് 140നും 200നും ഇടയില്‍ മാര്‍ക്ക് ലഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ലാണ് ഫലം പ്രസിദ്ധീകരിച്ചത്.