മദീന – സൗദി അറേബ്യയിലെ അല്‍ ഉലയ്ക്കു സമീപം വിവാഹ മുന്നൊരുക്കങ്ങള്‍ക്കിടെ ഉണ്ടായ കാറപകടത്തില്‍ ജീവന് നഷ്ടമായ പ്രതിശ്രുത വധൂവരന്മാരായ ടീന ബൈജുവിന്റെയും (27) അഖില്‍ അലക്സിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മദീന കാര്‍ഡിയാക് സെന്ററിലെ നഴ്സും വയനാട് നടവയല്‍ സ്വദേശിനിയുമായ ടീനയുടെ മൃതദേഹം 64 ദിവസങ്ങള്‍ക്കു ശേഷം, ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ വ്യാഴാഴ്ചയാണ് എത്തിച്ചത്. ആറ് ദിവസം മുമ്പാണ് അഖിലിന്റെ മൃതദേഹം നാട്ടിലെത്തിയത്.
ഏപ്രില്‍ 2-ന് രാത്രി, വിവാഹത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഒരുമിച്ചു യാത്ര ചെയ്യവേയാണ് ദുരന്തം സംഭവിച്ചത്. അപകടത്തില്‍ രണ്ടു കാറുകളും കത്തിനശിച്ചു. ഫൊറന്‍സിക് പരിശോധനകള്‍ വൈകിയതിനാല്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ താമസിച്ചു. നാല് മാസം മുമ്പാണ് ടീനയും അഖിലും വിവാഹത്തിന് ഒരുങ്ങിയത്. വിവാഹ ശേഷം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
ബൈജുവിന്റെയും നിസിയുടെയും മൂത്ത മകളാണ് ടീന. ഒന്നര വര്‍ഷം മുമ്പാണ് സൗദിയില്‍ നഴ്സായി ജോലി തുടങ്ങിയത്. ബൈജു, നടവയലില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. നിസി ഒരു അച്ചാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായ ടീന, എല്ലാ ദിവസവും രാത്രി 8 മണിക്ക് വീട്ടിലേക്ക് വിളിക്കുമായിരുന്നു. എന്നാല്‍, അന്ന് രാത്രി വിളി വന്നില്ല. വീട്ടുകാര്‍ ഫോണ്‍ ചെയ്തെങ്കിലും കിട്ടിയില്ല. പിന്നീട്, കൂട്ടുകാരിയിലൂടെ അപകടവിവരം അറിഞ്ഞു. മദീനയിലെ മലയാളി സംഘടനയാണ് മരണവാര്‍ത്ത വീട്ടുകാരെ അറിയിച്ചത്. ട്വിങ്കിള്‍ ആണ് ടീനയുടെ സഹോദരി.
വെല്ലൂരില്‍ നിന്നും ബിരുദം നേടിയ അഖില്‍, വിദ്യാര്‍ഥി വീസയില്‍ ഇംഗ്ലണ്ടില്‍ ബിരുദാനന്തര പഠനത്തിന് പോയി. പഠനത്തിനിടെ ജോലി ചെയ്ത്, രണ്ടര വര്‍ഷം മുമ്പ് സോഫ്റ്റ്വെയര് എന്‍ജിനീയറായി. അനിയന് ഡെനില്‍ അലക്സും ഇംഗ്ലണ്ടിലെത്തി. അഖിലിന്റെ സംസ്കാരം അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് പള്ളിയില്‍ നടന്നു.
അപകടത്തില്‍ ഇരുവരുടെയും രേഖകള്‍ കത്തിനശിച്ചിരുന്നു. കെഎംസിസി വെല്‍ഫെയര്‍ വിഭാഗവും നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.