മിനാ – ഇസ്ലാം ആശ്ലേഷിച്ച് ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പായി പരിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലും നിര്‍വൃതിയിലുമാണ് ഡാനിഷ് വനിത ലിസ് ക്രിസ്റ്റന്‍സണ്‍. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അതിഥിയായാണ് ലിസ് ഇത്തവണ ഹജിനെത്തിയിരിക്കുന്നത്. ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള 2,443 ഹാജിമാരാണ് ഇത്തവണ സല്മാന് രാജാവിന്റെ അതിഥികളായി പുണ്യഭൂമിയില്‍ എത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര് നവമുസ്ലിംകളാണ്. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസത്തിന്റെ സത്തയും അവരുടെ ചുറ്റുപാടുകളില്‍ അതിന്റെ സ്വാധീനവും പ്രതിഫലിപ്പിക്കുന്ന സ്വന്തം കഥകള്‍ പറയാനുണ്ട്. അവരില്‍ ലിസും ഉള്‍പ്പെടുന്നു.
ഡെന്മാര്ക്കില് നിന്ന് പത്ത് മണിക്കൂര്‍ യാത്ര ചെയ്ത് പുണ്യഭൂമിയിലെത്താന്‍ വിശ്വാസം ലിസിനെ പ്രേരിപ്പിച്ചു. ദൈവിക കരുതലുകളാല്‍ ചുറ്റപ്പെട്ട, ഭക്തിയും ശാന്തതയും നിറഞ്ഞ വിശ്വാസത്താല്‍ പുണ്യഭൂമിയില്‍ ഒത്തുചേര്‍ന്ന വിശ്വാസി ലക്ഷങ്ങളില്‍ ലിസും അലിഞ്ഞുചേര്‍ന്ന് ക്ഷമയും കരുണയും നരകത്തില്‍ നിന്നുള്ള മോചനവും നല്‍കണമെന്ന് ലോകരക്ഷിതാവിനോട് അപേക്ഷിച്ചുകൊണ്ട് പുണ്യനിമിഷങ്ങള് ധന്യമാക്കി.
ഏറെ നീണ്ട അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് മാസങ്ങള്‍ക്കു മുമ്പ് ലിസ് ഇസ്ലാം ആശ്ലേഷിച്ചത്. ലോകമെമ്പാടും നിന്നുള്ള തീര്‍ഥാടകരുടെ മന്ത്രധ്വനികള്‍ പ്രതിധ്വനിക്കുന്ന പുണ്യഭൂമിയിലെ കാഴ്ച ഉള്‍പ്പെടെ, ഇസ്ലാമിന്റെ എല്ലാ പ്രകടനങ്ങളും അനിര്‍വചനീയമായ വികാരത്തോടെ ആഘോഷിക്കുന്ന ലിസിന്റെ വാക്കുകള്‍ കണ്ണീരില്‍ കലരുന്നു.
ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ അതിയായ സന്തോഷം കൊണ്ടാണ് താന്‍ കരയുന്നതെന്ന് കണ്ണുനീര് അടക്കിപ്പിടിക്കാന് ശ്രമിച്ച് ലിസ് പറഞ്ഞു. കുട്ടിക്കാലം മുതല്‍ ഞാന്‍ ദൈവത്തെ അന്വേഷിക്കുകയായിരുന്നു. ദൈവത്തെക്കുറിച്ച് ആളുകള്‍ അധികം ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരു സമൂഹത്തിലാണ് ഞാന്‍ വളര്‍ന്നത്, പക്ഷേ ഞാന്‍ ദൈവത്തെ തിരയുകയായിരുന്നു – ലിസ് പറഞ്ഞു.
ലിസ് തന്റെ വിശ്വാസ യാത്രയിലുടനീളം വര്‍ഷങ്ങളോളം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തു. ഈ സമയത്തിലുടനീളം, യുക്തിരഹിതമെന്ന് താന്‍ വിശ്വസിച്ചതിനെ വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാണിച്ചു. പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നത് അവരെ സത്യത്തിന്റെ സത്ത അന്വേഷിക്കുന്നതിലേക്ക് നയിച്ചു. ലോകത്തിലെ ശക്തിയാണ് എപ്പോഴും വിജയിച്ചത് – ലിസ് പറയുന്നു. പിന്നെ ഞാന്‍ ആ ശക്തിയെ സ്നേഹം എന്ന് വിളിക്കാന്‍ തുടങ്ങി. സ്നേഹമാണ് ഏറ്റവും വലിയ ശക്തി. അതില്‍ ഞാന്‍ സംതൃപ്തയായി. പിന്നെ ഞാന്‍ പ്രകൃതിയിലേക്ക് മാറി. വൃക്ഷങ്ങളില്‍ വളരെയധികം ആകൃഷ്ടയായ ഒരു വ്യക്തിയാണ് ഞാന്‍. അതിനാല്‍ ഞാന്‍ മരങ്ങളെ നോക്കുമ്പോള്‍, എന്തോ ഒരു അജ്ഞാത ശക്തി ഉണ്ടെന്ന് തോന്നും. ഒരു സ്രഷ്ടാവ് ഉണ്ട്. കാരണം, പ്രകൃതിയെ നോക്കുമ്പോള്‍, അത് സ്വയം സംഭവിക്കുക അസാധ്യമാണ് – ലിസ് പറഞ്ഞു.
യഥാര്‍ഥ ദൈവത്തെ കണ്ടെത്താനുള്ള വിശ്വാസ യാത്ര ലിസ് തുടരുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവരുടെ മകന് ഇസ്ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചു. അത് മകന്റെ മതംമാറ്റത്തെ കുറിച്ച് സംസാരിക്കാനുള്ള അവസരമായിരുന്നു. അവന് എന്നോട് അതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അതാണ് സത്യം എന്ന് ഞാനിപ്പോള്‍ അറിയുന്നു.
ഇവിടെ ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇത്രയധികം സഹോദരിമാരുമായി സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. വിശ്വാസം തേടിയുള്ള തന്റെ ദീര്‍ഘയാത്രയുടെ പരിസമാപ്തിയാണിതെന്ന് ഹജിനെ കുറിച്ചും ദൈവത്തിന്റെ അതിഥികളില്‍ നിറയുന്ന സംതൃപ്തിയുടെയും ശാന്തതയുടെയും അനുഗ്രഹങ്ങളെ കുറിച്ചും സൂചിപ്പിച്ച് ലിസ് പറയുന്നു.