ന്യൂഡല്‍ഹി– സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന ദേശീയപാത 66 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ന്യൂഡല്‍ഹി കേന്ദ്ര ഉപരിതല മന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാറുമായി നടന്ന ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അന്യേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ദേശീയപാത നിര്‍മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ തുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് പുറമെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കേരളത്തിന്റെ ഡല്‍ഹിയിലെ സ്പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. കെ.വി തോമസ് എന്നിവരുമുണ്ടായിരുന്നു. സംസ്ഥാനത്ത് ദേശീയപാത ഉദ്യോഗസ്ഥര്‍ അന്യേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.