കോഴിക്കോട്– കോഴിക്കോട് പുതുപ്പാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പത്താം ക്ലാസ് വിദ്യാര്‍ഥികൾ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ തലക്കും കണ്ണിനും പരുക്കേറ്റു. പുതുപ്പാടി ഗവ. ഹൈസ്കൂളിലാണ് സംഭവം. പതിനഞ്ചോളം പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൂടിയാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു. നേരത്തെ ഉണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. വിദ്യാര്‍ഥിയെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്നെ ആക്രമിച്ചവരിൽ നാലു പേരെ കണ്ടാലറിയാമെന്ന് പരുക്കറ്റ വിദ്യാര്‍ഥി പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാതെ സംഭവം ഒതുക്കാനാണ് അധ്യാപകര്‍ ശ്രമിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിയുടെ വസ്ത്രം മാറ്റാനുള്ള സമയം മാത്രമാണ് എടുത്തതെന്നും സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രധാനാധ്യാപകന് ഈസ കോയ വ്യക്തമാക്കി. സംഭവത്തില്‍ നാലു വിദ്യാര്‍ഥികളെ പതിനാല് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.