ന്യൂദല്‍ഹി– പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബിലെ മറ്റൊരു പ്രശസ്ത യൂടൂബര്‍ കൂടി വലയിലായി. പഞ്ചാബ് സ്വദേശിയും ഒരു മില്യണിലധികം വരിക്കാരുള്ള ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂടൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.
പഞ്ചാബ് രൂപ്നഗറില്‍ നിന്ന് പഞ്ചാബ് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ട്രാവല്‍ ബ്ലോഗറായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതിന് പിന്നാലെയാണിത്.
പാക് ചാര സംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം പുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജ്യോതിയുമായി അടുപ്പമുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായിരുന്ന ഡാനിഷുമായി ജസ്ബീറിനും ബന്ധമുണ്ട്.
ജസ്ബീര്‍ സിങ്ങിന്റെ ഫോണില്‍ ഒട്ടേറെ പാക്കിസ്ഥാന് നമ്പറുകള്‍ സേവ് ചെയ്തിരുന്നു. 3 തവണ പാക്കിസ്ഥാന് സന്ദര്‍ശിച്ചു. കൂടാതെ ദല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതോടെ ഇയാള്‍ പാക് ചാരന്മാരുമായുള്ള ഫോണ്‍ സന്ദേശങ്ങളും മറ്റും നീക്കം ചെയ്യാന്‍ ശ്രമിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. പ്രതിയുടെ ഫോണും മറ്റ് ഇലക്ടോണിക് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.