മക്ക: ഭിന്നശേഷിക്കാരും വയോജനങ്ങളും രോഗികളും അടക്കമുള്ളവരുടെ ഉപയോഗത്തിന് ഹറം പരിചരണ വകുപ്പ് വിശുദ്ധ ഹറമിലെ മസ്അയിലും ഗോള്‍ഫ് കാര്‍ട്ട് സേവനം ഏര്‍പ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തില്‍ മതാഫിലാണ് ഗോള്‍ഫ് കാര്‍ട്ട് സേവനം ആദ്യമായി ഏര്‍പ്പെടുത്തിയത്. ഇത് ഫലപ്രദമാണെന്ന് വ്യക്തമായതോടെയാണ് മസ്അയിലും ഗോള്‍ഫ് കാര്‍ട്ട് സേവനം ഏര്‍പ്പെടുത്തിയത്. വികലാംഗരും വയോജനങ്ങളും അടക്കമുള്ളവര്‍ക്ക് ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ നിര്‍വഹിക്കല്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് ഗോള്‍ഫ് കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹറം പരിചരണ വകുപ്പ് പറഞ്ഞു.
മതാഫിലും മസ്അയിലും സാദാ വീല്‍ചെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹറം പരിചരണ വകുപ്പ് പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന വീല്‍ചെയറുകള്‍ ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാണ്. സൗജന്യ ഉപയോഗത്തിന് പതിനായിരത്തോളം വീല്‍ചെയറുകളാണ് വിശുദ്ധ ഹറമിലുള്ളത്. ഇവക്കു പുറമെ നൂറു കണക്കിന് സ്വദേശികള്‍ പ്രത്യേകം ലൈസന്‍സ് നേടി കൂലിക്ക് വീല്‍ചെയര്‍ തള്ളുന്ന സേവനവും നല്‍കുന്നു.
ഫീസ് നല്‍കി ഉപയോഗപ്പെടുത്താന്‍ സിംഗിള്‍ സീറ്റ്, ഡബിള്‍ സീറ്റ് ഇലക്ട്രിക് കാര്‍ട്ടുകളും മസ്അയിലുണ്ട്. വികലാംഗര്‍ അടക്കമുള്ളവരുടെ ഉപയോഗത്തിന് ഹറമിന്റെ മുറ്റങ്ങളില്‍ നേരത്തെ മുതല്‍ സൗജന്യ ഗോള്‍ഫ് കാര്‍ട്ട് സേവനമുണ്ട്. ഏറ്റവും ഒടുവിലായാണ് മതാഫ് കോംപ്ലക്‌സിന്റെ മുകള്‍ നിലയിലും മസ്അയുടെ മുകള്‍ നിലയിലും ഹറം പരിചരണ വകുപ്പ് ഇലക്ട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group