തെൽ അവിവ് – ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നീക്കവുമായി ഏകപക്ഷീയമായി മുന്നോട്ടു പോവുകയാണെങ്കിൽ ഗാസ മാതൃകയിൽ വെസ്റ്റ് ബാങ്കും ബലമായി പിടിച്ചെടുക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്. ഗാസയിലെ വംശഹത്യയ്ക്കും പട്ടിണി അടിച്ചേൽപ്പിക്കുന്ന ഇസ്രായിൽ നടപടിക്കെതിരെ ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഇസ്രായിലിന്റെ ഭീഷണി. ഇസ്രായിൽ നയതന്ത്രകാര്യമന്ത്രി റോൺ ഡെർമർ, വിദേശമന്ത്രി ഗിഡ്യോൺ സഅർ എന്നിവർ യൂറോപ്യൻ പ്രതിനിധികളെ ഇക്കാര്യം ധരിപ്പിച്ചുവെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.
വെസ്റ്റ്ബാങ്കിലെ ഏരിയ സി പിടിച്ചെടുത്ത് തങ്ങളുടെ രാജ്യത്തോട് ചേർക്കുമെന്നും നിലവിൽ ജൂത കുടിയേറ്റക്കാർ സ്ഥാപിച്ച അനധിൃത ഔട്ട്‌പോസ്റ്റുകൾക്ക് അംഗീകാരം നൽകുമെന്നും റോൺ ഡെർമർ ഫ്രഞ്ച് വിദേശമന്ത്രി ഷോൺ നോയൽ ബാരോറ്റ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി എന്നിവർക്ക് മുന്നറിയിപ്പ് നൽകി. ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ച ഗിഡ്യോൺ സഅർ ‘ഇസ്രായിലിനെതിരായ ഏകപക്ഷീയമായ നീക്കങ്ങളോട് ഏകപക്ഷീയമായ നീക്കങ്ങളുമായി ഇസ്രായിലും പ്രതികരിക്കും’ എന്ന ഭീഷണി ഉയർത്തി.
സൗദി അറേബ്യയും ഫ്രാൻസും സംയുക്തമായി അടുത്ത മാസം ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ഫലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന സൂചനകൾക്കിടെയാണ് ഇസ്രായിലിന്റെ പുതിയ ഭീഷണി. ഉച്ചകോടിയിൽ സ്‌പെയൻ, മാൾട്ട, അർലാന്റ്, നെതർലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ പിന്തുണക്കുമെന്നാണ് കരുതുന്നത്.
ഗാസയിൽ നടത്തുന്ന അതിക്രമങ്ങൾക്കിടയിൽ ഫലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്കിലും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇസ്രായിൽ സൈന്യവും സൈന്യത്തിന്റെ പിന്തുണയോടെ അനധികൃത ജൂത കുടിയേറ്റക്കാരും നടത്തുന്നത്. 2025 ജനുവരി 21-ന് വെസ്റ്റ് ബാങ്കിൽ ‘ഓപ്പറേഷൻ അയൺ വാൾ’ എന്ന പേരിൽ ആരംഭിച്ച വൻതോതിലുള്ള സൈനിക നടപടിയിൽ ജെനിൻ, തുൽകർമ, നബ്ലസ്, തുബാസ് തുടങ്ങിയ ഫലസ്തീൻ നഗരങ്ങളിൽ വൻ തോതിലുള്ള നശീകരണങ്ങളും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് അരങ്ങേറുന്നത്.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ഓപ്പറേഷന്റെ ആദ്യ മണിക്കൂറുകളിൽ എട്ട് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 21-ന്, തുൽകർമിലെ നൂർ ഷംസ് ക്യാമ്പിൽ ഒരു ഗർഭിണിയടക്കം രണ്ട് പലസ്തീൻ സ്ത്രീകൾ ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. 40,000-ലധികം പലസ്തീനികൾ ഈ സൈനിക നടപടി മൂലം വീടുവിട്ട് പലായനം ചെയ്തു, 1967-ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഏറ്റവും ഉയർന്ന നിരക്കിലുള്ള കുടിയിറക്കമാണിത്.
ജനുവരി 20-ന്, ഗാസയിലെ വെടിനിർത്തലിനെ എതിർത്ത് ഇസ്രായേൽ കുടിയേറ്റക്കാർ വെസ്റ്റ്ബാങ്കിലെ ഗ്രാമങ്ങളിൽ ആക്രമണം നടത്തുകയും വീടുകളും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. ഇസ്രായിൽ സൈനികരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. 2024-നും 2025-നും ഇടയിൽ, 1,779 ഫലസ്തീനി കെട്ടിടങ്ങൾ ‘ബിൽഡിംഗ് പെർമിറ്റ് ഇല്ല’ എന്ന കാരണത്താൽ പൊളിച്ചുമാറ്റി. 4,527 പേർ ബലമായി കുടിയിറക്കപ്പെട്ടു.
മാർച്ച് 21-ന്, യു.എൻ സെക്യൂരിറ്റി കൗൺസിൽ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.