ജിദ്ദ – അസാധാരണമായ പ്രതിബന്ധങ്ങളുണ്ടായിട്ടും വിശുദ്ധ മക്കയിലേക്കുള്ള തീർഥയാത്ര എന്ന സ്വപ്നം ഉപേക്ഷിക്കാൻ വിസമ്മതിച്ച്, ദൈവസഹായത്താൽ സ്വപ്ന സാഫല്യം ലഭിച്ച കഥയാണ് ലിബിയൻ യുവാവ് ആമിർ അൽമഹ്ദി മൻസൂർ അൽഗദ്ദാഫിയുടേത്. ലോകമെമ്പാടുമുള്ള മുസ്ലിംകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നിറവേറ്റാനാഗ്രഹിക്കുന്ന ഹജിനു വേണ്ടി ഈ വർഷം ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ആമിറിന് തന്റെ പേരിലെ ‘ഗദ്ദാഫി’ എന്ന കുടുംബപ്പേര് വിമാനത്താവളത്തിൽ കുഴപ്പമാവുകയായിരുന്നു. പക്ഷേ, പൈലറ്റിന്റെ വാശിയെയും ഇമിഗ്രേഷന്റെ സാങ്കേതികതകളെയും അപ്രസക്തമാക്കി ആമിർ ഇല്ലാതെ വിമാനം ജിദ്ദയിൽ ഇറങ്ങില്ലെന്ന ദൈവവിധി നടപ്പിലായപ്പോൾ അത് ഒരു ഹാജിയുടെ പ്രാർത്ഥനയുടെയും ആത്മാർഥതയുടെയും സാഫല്യമായി.
ഒരു പതിറ്റാണ്ടിലേറെ കാലം മുമ്പ് ആഭ്യന്തര യുദ്ധത്തിലൂടെ പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുമായി പേരിലുള്ള സാമ്യമാണ് ആമിറിന്റെ യാത്ര തൽക്കാലത്തേക്കെങ്കിലും തടഞ്ഞത്. യാത്രാരേഖകളും വിസയുമെല്ലാം കൃത്യമായിരുന്നെങ്കിലും ‘ഗദ്ദാഫി’യിൽ ആശങ്കപ്പെട്ട ഇമിഗ്രേഷൻ അധികൃതർ ആമിറിനെ തടഞ്ഞുവെച്ചു. ഗദ്ദാഫി എന്നത് തന്റെ കുടുംബപ്പേരാണെന്നും മറ്റു പ്രശ്നങ്ങളുമില്ലെന്നുമെല്ലാം വിശദീകരിച്ച് ആമിർ കേണപേക്ഷിച്ചെങ്കിലും അധികൃതർ കനിഞ്ഞില്ല. തന്റെ കൂടെയുള്ളവരെല്ലാം ഹജിനു വേണ്ടി വിമാനം കയറുമ്പോൾ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നെങ്കിലും ആമിർ പ്രതീക്ഷ കൈവിട്ടില്ല.
സുരക്ഷാ അനിശ്ചിതത്വവും ഷെഡ്യുളിങ് പരിമിതികളും ചൂണ്ടിക്കാട്ടി ഫ്ളൈറ്റ് ക്യാപ്ടൻ ആമിറിനെ കൂടാതെ വിമാനം പറത്താൻ തീരുമാനിച്ചു. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് മറ്റാരേക്കാളും അറിയാവുന്ന ആമിറാകട്ടെ, ഹജ് യാത്രക്കു വേണ്ടിയല്ലാതെ ഇമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ നിന്ന് മാറില്ലെന്ന നിലപാടിലും ഉറച്ചുനിന്നു.
ആമിർ അൽഗദ്ദാഫിയില്ലാതെ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് വൈകാതെ സാങ്കേതിക തകരാർ സംഭവിച്ചു. വിമാനം എയർപോർട്ടിൽ തിരിച്ചിറക്കാൻ ക്യാപ്റ്റൻ നിർബന്ധിതനായി. അൽപം കാലതാമസത്തിനും ചെറിയ അറ്റകുറ്റപ്പണികൾക്കും ശേഷം വിമാനം വീണ്ടും പറന്നുയർന്നെങ്കിലും സാങ്കേതിക തകരാർ കാരണം രണ്ടാമതും തിരിച്ചിറക്കേണ്ടി വന്നു.
രണ്ടാമത്തെ തവണയും അടിയന്തരമായി ലാന്റ് ചെയ്യേണ്ടി വന്നപ്പോൾ “ഇനി ഈ വിമാനത്തിൽ ആമിർ ഇല്ലെങ്കിൽ താൻ വിമാനം പറത്തില്ല” എന്ന് ക്യാപ്ടൻ പ്രഖ്യാപിച്ചതായി വിമാന ജീവനക്കാർ വെളിപ്പെടുത്തി. അതുവരെ ഇടഞ്ഞുനിന്ന അധികൃതർ ഉടൻ തന്നെ ആമിറിനെ യാത്രക്ക് അനുവദിച്ചു. ആമിർ കൂടി യാത്രാസംഘത്തിൽ ചേർന്ന മൂന്നാമത്തെ ശ്രമത്തിൽ വിമാനം യാതൊരു കുഴപ്പവുമില്ലാതെ പറന്നുയരുകയും സുരക്ഷിതമായി ജിദ്ദയിൽ ഇറങ്ങുകയും ചെയ്തു.
യാത്രാ സംഘത്തിലുണ്ടായിരുന്ന ചിലർ പങ്കുവെച്ച ഈ സംഭവം സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു. ഇത് ദൈവഹിതത്തിന്റെ അടയാളമാണെന്നും ആമിറിന്റെ പ്രാർഥനക്ക് അല്ലാഹു ഉത്തരം നൽകിയെന്നും വ്യാഖ്യാനങ്ങളുണ്ടായി. “എനിക്ക് ഹജിന് പോകാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ… അത് എനിക്ക് വിധിച്ചതാണെങ്കിൽ ഒരു ശക്തിക്കും അത് തടയാൻ കഴിയില്ലെന്ന വിശ്വാസമുണ്ടായിരുന്നു…” – ആമിർ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എയർപോർട്ടിൽ വെച്ച് നേരിട്ട പ്രശ്നങ്ങൾ അതിജീവിച്ച് ദൈവത്തിൽ നിന്നുള്ള പ്രത്യേക സഹായത്താൽ അതേ വിമാനത്തിൽ തന്നെ യാത്ര തുടരനായതിനെക്കുറിച്ച് ആമിർ അൽഗദ്ദാഫി വിവരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.