വാഷിംഗ്ടണ്‍: വാഷിംഗ്ടണില ജൂത മ്യൂസിയത്തില്‍ നടന്ന പരിപാടിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു ഇസ്രായില്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി 9.15 ന് ആണ് സംഭവം. അമേരിക്കന്‍ ജൂത കമ്മിറ്റി സംഘടിപ്പിച്ച യുവ നയതന്ത്രജ്ഞര്‍ക്കുള്ള സ്വീകരണ പരിപാടി നടന്ന മ്യൂസിയത്തിന് സമീപമുള്ള പ്രദേശത്തുണ്ടായ വെടിവെപ്പിലാണ് ഒരു വനിത അടക്കം രണ്ടു ഇസ്രായില്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തയാള്‍ കഫിയ ധരിച്ചിരുന്നതായും ഫലസ്തീനിന് സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം വിളിച്ചതായും ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെച്ചയാള്‍ കസ്റ്റഡിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥിരീകരിച്ചു. 31 കാരനായ ഏലിയാസ് റോഡ്രിഗസ് ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. വെടിയുതിര്‍ത്തയാള്‍ക്ക് മുന്‍കാല ക്രിമിനല്‍ ചരിത്രമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ വാഷിംഗ്ടണിലെ എഫ്, തേര്‍ഡ് സ്ട്രീറ്റുകള്‍ക്ക് സമീപമാണ് വെടിവെപ്പ് നടന്നത്. എഫ്.ബി.ഐ ആസ്ഥാനത്തിനും യു.എസ് അറ്റോര്‍ണി ഓഫീസിനും സമീപമാണ് ഈ പ്രദേശം. വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപം രണ്ടു ഇസ്രായിലി എംബസി ജീവനക്കാരെ വിവേകശൂന്യമായി കൊലപ്പെടുത്തി – അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ക്രിസ്റ്റി നോം ട്വിറ്ററിലെ പോസ്റ്റില്‍ എഴുതി. വെടിവെപ്പിന്റെ വിശദാംശങ്ങള്‍ തനിക്കും സംഘത്തിനും വിശദീകരിച്ചു നല്‍കിയതായി എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.
യാരോണ്‍ ലിഷിന്‍സ്‌കി, സാറാ മില്‍ഗ്രിം എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായില്‍ വിദേശ മന്ത്രി അറിയിച്ചു. ഐക്യരാഷ്ട്രഭയിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ വെടിവെപ്പിനെ സെമിറ്റിക് വിരുദ്ധ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചു. ഈ ക്രിമിനല്‍ പ്രവൃത്തിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ അമേരിക്കന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് – അദ്ദേഹം എക്‌സ് വെബ്സൈറ്റില്‍ എഴുതി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ഇസ്രായിലി എംബസികളില്‍ സുരക്ഷ ശക്തിപ്പെടുത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.