വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ജൂത മ്യൂസിയത്തിന് പുറത്ത് ഇസ്രായേൽ എംബസിയിലെ രണ്ട് ജീവനക്കാർ വെടിയേറ്റു മരിച്ചു. വിവാഹനിശ്ചയത്തിന് ഒരുങ്ങിയിരുന്ന യുവ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. 30 വയസ്സുള്ള ചിക്കാഗോ സ്വദേശി എലിയാസ് റോഡ്രിഗസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മ്യൂസിയത്തിനു പുറത്ത് ഒരു പുരുഷനും സ്ത്രീയും ബോധരഹിതരായി കണ്ടെത്തുകയും പരിശോധനയിൽ രണ്ടു പേർക്കും ജീവൻ ഇല്ലായിരുന്നുവെന്നും മെട്രോപൊളിറ്റൻ പോലീസ് വകുപ്പ് മേധാവി പമേല എ. സ്മിത്ത് പറഞ്ഞു. ദമ്പതികൾ മ്യൂസിയത്തിൽ നടന്ന ഒരു പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് വെടിയേറ്റത്. സംഭവത്തിന് മുമ്പ്, റോഡ്രിഗസ് മ്യൂസിയത്തിന് പുറത്ത് തുടർച്ചയായി നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് ഇയാൾ കൂടിനിന്ന നാലുപേർക്കിടയിൽ ചെന്ന് ഹാൻഡ്ഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് മ്യൂസിയത്തിനുള്ളിൽ പ്രവേശിച്ച കൊലപാതകിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇയാൾ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകളുണ്ട്.
കൊല്ലപ്പെട്ടവർ വിവാഹനിശ്ചയത്തിന് ഒരുങ്ങിയിരിക്കുകയായിരുന്നുവെന്നും, യുവാവ് അടുത്ത ആഴ്ച ജറുസലേമിൽവെച്ച് പ്രപ്പോസ് ചെയ്യാൻ ഒരു മോതിരം വാങ്ങിയിരുന്നുവെന്നും അമേരിക്കയിലെ ഇസ്രായിൽ അംബാസഡർ യെചിയേൽ ലൈറ്റർ പറഞ്ഞു.
ഇസ്രായിലി ദമ്പതികളുടെ കൊലപാതകം സെമിറ്റിക് വിരുദ്ധതയാണെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ‘ഡിസിയിലെ ഈ ഭയാനകമായ കൊലപാതകങ്ങൾ, വ്യക്തമായും ആന്റിസെമിറ്റിസം മൂലമാണ്. അത് ഇപ്പോൾ അവസാനിക്കണം! വിദ്വേഷത്തിനും തീവ്രവാദത്തിും യുഎസ്എയിൽ സ്ഥാനമില്ല.’ ട്രംപ് എക്‌സിൽ കുറിച്ചു.
ആക്രമണത്തിന് മുന്നോടിയായി യാതൊരു ഭീഷണി സൂചനകളും ലഭിച്ചിരുന്നില്ലെന്നും റോഡ്രിഗസിൽ നിന്ന് ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അമേരിക്കൻ ജൂത കമ്മിറ്റി (എജെസി) സംഘടിപ്പിച്ച ‘യങ് ഡിപ്ലോമാറ്റ്‌സ് റിസപ്ഷൻ’ എന്ന പരിപാടിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ദമ്പതികൾക്ക് വെടിയേറ്റത്. 22 മുതൽ 45 വരെ വയസ്സുള്ള യുവ ജൂത പ്രൊഫഷണലുകളെയും നയതന്ത്ര സമൂഹത്തെയും ഉൾപ്പെടുത്തിയുള്ളതായിരുന്നു പരിപാടി.