അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ ‘വിഴുങ്ങി’ കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ ഉദ്യോഗസ്ഥർക്ക് തെക്കേ അമേരിക്കൻ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രക്കാരനിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ മികവ് മൂലമാണ് 1,198 ഗ്രാം ഭാരമുള്ള 89 കൊക്കെയ്ൻ ഗുളികകൾ കണ്ടെത്താൻ സാധിച്ചത്. പരിശോധനകളെത്തുടർന്ന് ശരീരത്തിനകത്ത് ചില വസ്തുക്കളുടെ സാന്നിധ്യമുള്ളതായി ബോധ്യപ്പെട്ടു. പിന്നീട് ഇയാളുടെ കുടലിൽ നിന്ന് 89 കാപ്‌സ്യൂളുകൾ പുറത്തെടുക്കുകയായിരുന്നു. കാര്യക്ഷമതയോടെ ചുമതലകൾ നിർവഹിച്ച ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനത്തെ അധികൃതർ പ്രശംസിച്ചു.
