ജിദ്ദ – വിസിറ്റ് വിസയിലുള്ളവർ മക്കയിൽ തങ്ങരുതെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണ്ടും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന വിസിറ്റ് വിസക്കാര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
പെര്‍മിറ്റ് ഇല്ലാതെ ഹജ് നിര്‍വഹിക്കുകയോ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവർ, മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാര്‍,വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവര്‍, ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സ്വകാര്യ ഭവനങ്ങള്‍, ലോഡ്ജുകള്‍, തീര്‍ഥാടകരെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവര്‍, മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കാന്‍ വിസിറ്റ് വിസക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം നല്‍കുന്നവര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് അവരെ സഹായിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറി ഹജ് നിര്‍വഹിക്കുന്ന, സൗദിയില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികളെ രാജ്യത്തു നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുല്‍ഖഅദ് ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വിസിറ്റ് വിസക്കാരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമ ലംഘകരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
ഹജ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. തസ്‌രീഹില്ലാതെ ഹജ് നിര്‍വഹിക്കുകയോ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കും പിഴ ചുമത്തും. ഹജ് പെര്‍മിറ്റില്ലാത്തവരെയും മക്കയില്‍ ജോലി ചെയ്യാനും താമസിക്കാനും പ്രത്യേക പെര്‍മിറ്റ് നേടാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകരുതെന്ന് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആവശ്യപ്പെട്ടു.