ദുബായ്: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വസ്തുക്കള്‍ പിടിച്ചെടുത്താല്‍ പിഴയടച്ച് അവ തിരിച്ച് യുഎഇയിലെത്തിക്കാന്‍ സഹായിക്കുമെന്ന് ദുബായിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി വാസു ഷ്‌റോഫ്. തന്റെ 10 വര്‍ഷം പഴക്കമുള്ള റോളക്സ് വാച്ച് ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിച്ചുവെക്കുകയും ഏറെ സമയം വെയ്റ്റ് ചെയ്യിക്കുകയും ചെയ്ത ദുരനുഭവം നേരിട്ട പശ്ചാത്തലത്തിലാണ് ദുബായില്‍ ടെക്‌സ്റ്റൈല്‍ കിങ് എന്നറിയപ്പെടുന്ന വാസു ഷ്‌റോഫിന്റെ പ്രഖ്യാപനം.
ഈ ദുരനുഭവത്തിന്റെ ആഘാതത്തില്‍ നിന്ന് താനിപ്പോഴും മോചിതനായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു ക്രിമിനലിനോട് എന്ന പോലെയാണ് ജയ്പൂര്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ തന്നോട് പെരുമാറിയതെന്നും ഇന്ത്യക്കാരനെന്ന നിലയില്‍ ഇത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖലീജ് ടൈംസ് ആണ് വാസു ഷ്‌റോഫിന് ജയ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ദുരനുഭവം പുറത്തു കൊണ്ടുവന്നത്.
Read Also I റോളക്സ് വാച്ചിനെ ചൊല്ലി ഇന്ത്യയില്‍ അപമാനിതനായി; ദുരനുഭവം വിവരിച്ച് ദുബായിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി
കുറഞ്ഞ വരുമാനം മാത്രമുള്ള നിരവധി പേരാണ് ഇങ്ങനെ വിമാനത്താവളങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നത്. രേഖ സമര്‍പ്പിച്ചില്ലെന്ന് പറഞ്ഞ് സ്ത്രീകളുടെ താലി മാല വരെ ഊരിക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ക്കുള്ള പിഴ അടച്ച് അവ യുഎഇയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ സഹായിക്കാന്‍ ഞാന്‍ ഒരുക്കമാണ്. അദ്ദേഹം പറഞ്ഞു.
83കാരനായ വാസു വീല്‍ ചെയറിലിരുന്നാണ് യാത്ര ചെയ്യുന്നത്. സഹായിയും കൂടെ ഉണ്ടാകും. 73 വര്‍ഷമായി യുഎഇയിലാണ് ജീവിക്കുന്നത്. ഏപ്രില്‍ 12ന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജയ്പൂരിലെത്തിയപ്പോഴാണ് സംഭവം. രണ്ടു ദിവസത്തിനു ശേഷം തിരിച്ചു പോയപ്പോഴും കസ്റ്റംസ് അധികൃതര്‍ വാച്ച് തിരിച്ച് നല്‍കിയിരുന്നില്ല. സംഭവം പുറത്തു വന്നതോടെ ബന്ധപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എയര്‍പോര്‍ട്ടുകളിലെ ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം മാറ്റാന്‍ സംവിധാനത്തില്‍ തന്നെ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വാസു ഷ്്‌റോഫ് പറഞ്ഞു. ഇതിനായി ഒരു കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.