ദമാം: രാജ്യത്ത് വിവാദമായ വഖഫ് ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിൽ ഭരണഘടനയെയും ഇന്ത്യൻ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ കലാലയം സാംസ്കാരിക വേദി “വിചാരസദസ്” സംഘടിപ്പിച്ചു. ദമാമിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്ത സംഗമത്തിൽ, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമാം റീജിയൻ സെക്രട്ടറി അബ്ബാസ് മാസ്റ്റർ പറഞ്ഞു. കലാലയം സെക്രട്ടറി സബൂർ കണ്ണൂർ അധ്യക്ഷനായിരുന്നു.
വഖഫിന്റെ മതകീയ കാഴ്ച്ചപ്പാടുകൾ എന്ന വിഷയത്തിൽ സിദ്ധീഖ് ഇർഫാനി കുനിയിൽ (ഐ.സി.ഫ്) വഖ്‌ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബിൽ തീർത്തും എതിർക്കപ്പെടേണ്ടതാണെന്നും ന്യൂജൻ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീർ പറവൂർ (ആർ. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമാം സെക്രട്ടറി മഹ്മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങൾ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായി മുസ്ലിംകൾ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുൻ ബില്ല് അവതരണങ്ങൾ പോലെ ഏകപക്ഷീയമായല്ല സർക്കാർ പാർലമെന്റിൽ ചർച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നൽകുന്നതാണെന്നും ആശയത്തിൽ വ്യതിചലിക്കാതെ സംഘടനകൾ ഒറ്റക്കെട്ടായി എതിർക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റർ ലുഖ്‌മാൻ വിളത്തൂർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചർച്ചയിൽ ആർ. എസ്. സി ദമാം സോൺ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീർ ഇരിട്ടി നന്ദിയും പറഞ്ഞു.
തുടർച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ “വിചാര സദസ്സ്” അഭിപ്രായപെട്ടു.